അച്ഛന്റെ സ്വപ്നവും കണ്ണീരും യദുവിനെ കൃഷ്ണനാക്കി

Wednesday 04 January 2023 12:39 AM IST

കോഴിക്കോട്: കഥകളിയിൽ യദുകൃഷ്ണൻ നേടിയ എ ഗ്രേഡിന് അച്ഛന്റെ സ്വപ്നത്തിനപ്പുറം തിളക്കവും കണ്ണീരിന്റെ ഉപ്പുരസവുമുണ്ട്. മരണക്കിടക്കയിൽ അച്ഛൻ പകർന്ന പാഠങ്ങൾ ഊതിക്കാച്ചിയാണ് എച്ച്.എസ് വിഭാഗം ആൺകുട്ടികളുടെ കഥകളി മത്സരത്തിൽ യദു ആടിത്തിമിർത്തത്. വേഷം രുഗ്മിണി സ്വയംവരത്തിലെ കൃഷ്ണൻ.

അർബുദ ബാധയെ തുടർന്ന് രണ്ടു മാസം മുമ്പ് അന്തരിച്ച പ്രശസ്ത കഥകളി കലാകാരനായ കലാനിലയം ഗോപിനാഥന്റെ ഇളയ മകനാണ് തൃശൂർ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരനായ യദുകൃഷ്ണൻ. യദുവിന്റെ ആദ്യ സംസ്ഥാന കലോത്സവമാണിത്.

കൃഷ്ണനായി വേദിയിലെത്തുമ്പോൾ പ്രകടിപ്പിക്കേണ്ട ഭാവവും രസവും പഠിപ്പിച്ചത് അച്ഛനാണ്. കഥകളി പരിശീലനത്തിൽ വലിയ കണിശക്കാരനായിരുന്നു അച്ഛൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന അവസാന നാളുകളിലാണ് യദുവിനെ പരിശീലിപ്പിച്ചത്. ഒന്നര വയസു മുതൽ യദുവിന് ഉണ്ണാനും ഉറങ്ങാനും കഥകളി വേണമായിരുന്നു. കലാനിലയം ഗോപിയുടെ കീഴിലാണ് ഇപ്പോൾ കഥകളി അഭ്യസിക്കുന്നത്.

ഗുരു ഇനി ചേട്ടച്ഛൻ

ഗോപിനാഥന്റെ മൂത്ത മകൻ ഹരികൃഷ്ണൻ നാലു വർഷം സംസ്ഥാന കലോത്സവത്തിൽ കഥകളിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കഥകളിക്കുശേഷം വേദിക്ക് പിന്നിലെത്തിയ യദുകൃഷ്ണൻ കിതപ്പോടെ തിരഞ്ഞതും ജ്യേഷ്ഠനെ. 'ഹരി യദുവിന് കാരണവരും ചേട്ടച്ഛനുമാണ്.." അമ്മയും നർത്തകിയുമായ കലാമണ്ഡലം പ്രഷീജ കണ്ണീരൊപ്പിക്കൊണ്ടു പറഞ്ഞു.

മത്സരത്തിൽ ജയിക്കുന്നതിലല്ല കാര്യം. അച്ഛനോട് നീതി പുലർത്തണം. അതിന് യദുവിന് കഴിഞ്ഞതിൽ വലിയ സന്തോഷം.

കലാമണ്ഡലം പ്രഷീജ, അമ്മ