ചായയ്ക്ക് മധുരം കുറഞ്ഞതിന് ഹോട്ടലുടമയെ കുത്തി പരിക്കേൽപ്പിച്ചു
താനൂർ: ചായയിലെ മധുരത്തെച്ചൊല്ലിയുണ്ടായ വാക്ക്തർക്കത്തെ തുടർന്ന് ഹോട്ടൽ ഉടമയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. താനൂർ വാഴക്കതെരുവിൽ പ്രവർത്തിക്കുന്ന ടി.എ റെസ്റ്റോറന്റ് ഉടമ തൊട്ടിയിൽ അബ്ദുൾ മനാഫിനാണ്(41) നെഞ്ചത്തും വയറിലും കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി തങ്ങൾകുഞ്ഞാലിക്കാനകത്ത് സുബൈറിനെ(34) പൊലീസ് പിടികൂടി. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഹോട്ടലിൽ ചായ കുടിക്കാനെത്തിയ സുബൈർ ചായക്ക് മധുരം പോരെന്ന് പറഞ്ഞ് ഉടമ മനാഫുമായി തർക്കത്തിലേർപ്പെട്ടു. ശേഷം മടങ്ങിയ സുബൈർ വീണ്ടും ഹോട്ടലിലേക്ക് തിരിച്ചെത്തി ചായ ഗ്ലാസ് മനാഫിന്റെ മുഖത്തേക്കെറിയുകയും ഷർട്ട് വലിച്ചു കീറുകയും ചെയ്തു. തുടർന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. തിരൂർ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ച ശേഷമാണ് മനാഫിനെ കോഴിക്കോട്ടേക്ക് മാറ്റിയത്. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഉച്ചവരെ താനൂരിൽ ഹർത്താൽ നടത്തി.