ഓടയ്ക്കായി കുഴിച്ചപ്പോൾ കിടിലൻ കരിമണൽ കെ.എം.എം.എല്ലിനും ഐ.ആർ.ഇയ്ക്കും കോളടിച്ചു

Wednesday 04 January 2023 12:05 AM IST
ദേശീയപാത വികസനത്തിന്റെ ഭാഗമായി നീണ്ടകര , ഫൗണ്ടേഷൻ, പുത്തൻ തുറ ഭാഗങ്ങൾ കുഴിച്ചപ്പോൾ കിട്ടിയ കരിമണൽ

ചവറ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട നിർമ്മിക്കാൻ നീണ്ടകര ഭാഗത്ത് കുഴിച്ചപ്പോൾ കിട്ടിയത് ധാതുസമ്പുഷ്ടമായ കരിമണൽ. ഈ മണൽ സ്കരണത്തിനായി വിട്ടുകിട്ടാൻ കെ.എം.എം.എൽ അധികൃതർ ജില്ലാ ഭരണകൂടത്തെ സമീപിച്ചു.

നീണ്ടകര പാലം മുതൽ ഇടപ്പള്ളിക്കോട്ട വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള ഭാഗത്താണ് കരിമണൽ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ പ്രദേശത്തോട് ചേർന്നുള്ള ഭൂമി കെ.എം.എല്ലിന്റെ ഒന്നാം ഖനന ബ്ലോക്കിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ ഭാഗത്തെ 83 ഏക്കറിൽ ഖനനം ആരംഭിക്കുന്നതിന് അനുമതി തേടി കെ.എം.എം.എൽ റവന്യു വകുപ്പിനെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇതിനോട് ചേർന്നുള്ള റോഡിൽ കരിമണൽ വലിയ അളവിൽ കണ്ടെത്തിയിരിക്കുന്നത്.

മണ്ണിൽ കിടക്കുന്നത് കോടികൾ!

ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയാണ് ഈ മേഖലകളിലെ ഭൂമി കെ.എം.എം.എല്ലും ഐ.ആർ.ഇയും ഖനനത്തിനായി ഏറ്റെടുക്കുന്നത്. പിന്നീട് പൂർവ്വ സ്ഥിതിയിലാക്കി നൽകാനും വലിയ തുക ചെലവാകുന്നുണ്ട്. ഇത്തരത്തിലുള്ള ചെലവൊന്നുമില്ലാതെയാണ് വലിയ അളവിൽ കരിമണൽ ഇരുസ്ഥാപനങ്ങൾക്കും ദേശീയപാത നിർമ്മാണത്തിലൂടെ ലഭിക്കുന്നത്. ഓട, കലുങ്ക് എന്നിവയുടെ നിർമ്മാണത്തിന് കുഴിക്കുന്ന സ്ഥലങ്ങളിലെ കരിമണൽ എടുക്കാൻ മാത്രമാണ് ഇപ്പോൾ അലോചിച്ചിട്ടുള്ളത്. എന്നാൽ, ആറ് വരിപ്പാത നിർമ്മിക്കുന്ന സ്ഥലത്ത് നിന്ന് പരമാവധി കരിമണൽ ശേഖരിക്കണമെന്ന ആവശ്യം ശക്തമാണ്. ഓടയ്ക്കായി കുഴിക്കുന്ന ഭാഗത്ത് നിന്ന് മാത്രം ഏറ്റവും കുറഞ്ഞത് രണ്ട് കോടിയുടെ കരിമണൽ ലഭിക്കുമെന്നാണ് പ്രാഥമിക കണക്ക്.

കരിമണലിന് പകരം

വെളളമണൽ

കരിമണൽ സാന്നിദ്ധ്യമുള്ള മണൽ ശേഖരിച്ച ശേഷം പകരം സംസ്കരിച്ച വെളളമണൽ ദേശീയപാത നിർമ്മാണത്തിനായി കരാർ കമ്പനിക്ക് നൽകാമെന്ന നിർദ്ദേശമാണ് കെ.എം.എം.എൽ മുന്നോട്ടുവച്ചിരിക്കുന്നത്. ഇൽമനൈറ്റ്, സിർക്കോൺ, സിലിമനേറ്റ് തുടങ്ങിയ ഘടകങ്ങൾ കെ.എം.എം.എൽ വേർതിരിച്ചെടുക്കും. പിന്നീട് മോണോസൈറ്റ് വേർതിരിച്ചെടുക്കാനായി ഐ.ഐ.ആർ.ഇക്ക് നൽകും. ഐ.ആർ.ഇയും കരിമണൽ ലഭിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Advertisement
Advertisement