ടിപ്പർ ലോറി കടയിലേക്ക് ഇടിച്ച് കയറി, കട ഭാഗികമായി തകർന്നു

Wednesday 04 January 2023 12:06 AM IST
വെളിയത്ത് നിയന്ത്രണം വിട്ടടിപ്പർ ലോറി കടയിലേക്ക് ഇടിച്ച് കയറിയ നിലയിൽ

ഓടനാവട്ടം: വെളിയത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി കടയിലേക്ക് ഇടിച്ച് കയറി. കട ഭാഗികമായി തകർന്നു. രണ്ട് മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. വെളിയം ജംഗ്ഷനിൽ ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവം. വെളിയം പരുത്തിയറ പാറ ക്വാറിയിൽ നിന്ന് പാറ കയറ്റി വന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. പരുത്തിയറയിൽ നിന്ന് പൂയപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ നെടുമൺകാവ് റോഡിൽ നിന്ന് അമ്പലംകുന്ന് റോഡിലേക്ക് പോയ സൈക്കിളിൽ ഇടിച്ച് നിയന്ത്രണം വിട്ട് സൂര്യ ബേക്കറി പ്രവർത്തിക്കുന്ന രണ്ടുനില കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകരുകയും കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ടിപ്പറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കെട്ടിടത്തിൽ കുടുങ്ങിയ ലോറി കൊട്ടാരക്കരയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് കെട്ടാരക്കര - ഓയൂർ റോഡിലും അമ്പലംകുന്ന് - നെടുമൺ കാവ് റോഡിലും ഗതാഗതം തടസപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ പൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലിലുള്ള പൊലീസ് സംഘത്തിന്റെ മണിക്കൂറുകളോളമുള്ള ശ്രമഫലമായാണ് ഗതാഗതം നിയന്ത്രണവിധേയമായത്.

Advertisement
Advertisement