ഉപഭോക്തൃ തർക്ക പരിഹാര ഫോറം കളക്ട്രേറ്റിൽ നിന്ന് കർബലയിലേക്ക്

Wednesday 04 January 2023 12:07 AM IST

കൊല്ലം: ഉപഭോക്തൃതർക്ക പരിഹാര ഫോറത്തിന് കളക്ട്രേറ്റിലെ ശ്വാസം മുട്ടലിൽ നിന്ന് മോചനം. കൊല്ലം റെയിൽവേ സ്റ്റേഷൻ - കർബല റോഡിൽ പുതുതായി നിർമ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് 12ന് ഫോറത്തിന്റെ ഓഫീസ് മാറ്റും. ഫോറത്തിന്റെ ഓഫീസ് കളക്ട്രേറ്റിൽ തന്നെ നിലനിർത്തണമെന്ന അഭിഭാഷകരുടെ ആവശ്യം നിരാകരിച്ചാണ് പൊതുവിതരണ വകുപ്പ് പൊതുജനങ്ങൾക്ക് അനുകൂലമായ തീരുമാനമെടുത്തത്.

അഞ്ചര വർഷം മുമ്പാണ് കർബല റോഡിൽ ഫോറത്തിന്റെ ഓഫീസിനായി രണ്ട് നില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഇഴഞ്ഞിഴഞ്ഞ് രണ്ടര വർഷം മുമ്പ് നിർമ്മാണം പൂർത്തിയായി. ഒരു വർഷത്തിലധികമെടുത്താണ് വൈദ്യുതീകരണം പൂർത്തിയാക്കിയത്. പിന്നീടുള്ള കാബിൻ തിരിക്കൽ, ഫർണിഷിംഗ് അടക്കമുള്ള പ്രവൃത്തികൾ ഒരു വർഷത്തിലേറെ മുടങ്ങിക്കിടന്നു. അടുത്തിടെ ഇതിനാവശ്യമായ 17.50 ലക്ഷം രൂപ ഫോറം പൊതുമരാമത്ത് വകുപ്പിന് കൈമാറിയാണ് ഓഫീസ് പ്രവർത്തന സജ്ജമാക്കിയത്.

കളക്ട്രേറ്റിലെ കുടുസുമുറിയിലാണ് ഫോറം ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ ഓഫീസിൽ സ്ഥല പരിമിതി കാരണം ഉദ്യോഗസ്ഥരും പരാതിക്കാരും ശ്വാസംമുട്ടുകയാണ്. പരാതികൾ പോലും സൂക്ഷിക്കാൻ ഇവിടെയിടമില്ല. പരാതികളുടെ വാദത്തിനെത്തുന്ന പൊതുജനങ്ങൾക്ക് ഇരിക്കാനും നിൽക്കാനും സ്ഥലമില്ലാത്ത അവസ്ഥയാണ്. ഉപഭോക്തൃതർക്ക പരിഹാര ഫോറം സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറുന്നതോടെ പുറത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും സർക്കാർ ഓഫീസിന് കളക്ട്രേറ്റിൽ ഇടം നൽകാനാകും. ഉപഭോക്തൃ തർക്ക പരിഹാര ഫോറം മറ്റ് ഓഫീസുകളിൽ നിന്ന് മാറി സ്വതന്ത്രമായി പ്രവർത്തിക്കണമെന്നാണ് ചട്ടം. ഒട്ടുമിക്ക ജില്ലകളിലും ഫോറത്തിന് സ്വന്തം കെട്ടിടമുണ്ട്. ശേഷിക്കുന്നിടത്ത് പുതിയ കെട്ടിടങ്ങൾക്കുള്ള ശ്രമം നടന്നുവരികയാണ്.