അനന്തരവന് കുത്തേറ്റു: അമ്മാവൻ അറസ്റ്റിൽ
Wednesday 04 January 2023 12:07 AM IST
അഞ്ചൽ: മാതാവിനെ അമ്മാവൻ ഉപദ്രവിക്കുന്നത് തടഞ്ഞ യുവാവിന് കുത്തേറ്റു. ചണ്ണപ്പേട്ട പോത്തൻപാറ താഴെമീൻകുളം രമേഷ് ഭവനിൽ രഞ്ജിത്തിനാണ് (18) കുത്തേറ്റത്. ഇയാളുടെ മാതാവിന്റെ സഹോദരനായ രമേശനെ (47) ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.
രഞ്ജിത്തിനെ ഇലക്ട്രിക്കൽ വയർ മുറിക്കുന്ന കത്തികൊണ്ടാണ് കുത്തിയത്. ഞായറാഴ്ച രാത്രി 9.30നായിരുന്നു സംഭവം. വയറിന് കുത്തേറ്റ് ഗുരുതരാവസ്ഥയിലായ രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ എരൂർ പൊലീസ് രാത്രിയിൽ തന്നെ പ്രതിയെ പിടികൂടി. ഇൻസ്പെക്ടർ വിനോദ്, എസ്.ഐ ശരലാൽ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ റിമാൻഡ് ചെയ്തു.