കോലടിക്കാൻ വന്നവർ കാലൊടിഞ്ഞ് വീണു

Wednesday 04 January 2023 12:18 AM IST

കോൽകളിയുടെ പ്രത്യേകത കരപദങ്ങളുടെ ദ്രുതചലനമാണ്. പക്ഷെ, ഗുജറാത്തി ഹാളിൽ കോലുകൾ മുട്ടിച്ച് കളിക്കാൻ വന്നവരൊക്കെ ചറപറാ നിലത്ത് വീഴാൻ തുടങ്ങി. കൂട്ടത്തിൽ ഒരു കുട്ടിയുടെ കാലിന് സാരമായ പരിക്ക്. കുട്ടിയുമായി ആംബുലൻസ് നേരെ ജനറൽ ആശുപത്രിയിലേക്ക്. പുകിലുണ്ടാകാൻ വേറെ കാരണം വേണോ? സീനാകെ മാറി. കുട്ടികളും അദ്ധ്യാപകരും കാണികളുമൊക്കെ സംഘാടകരെ നിറുത്തി ഫ്രൈ ചെയ്തു!.

വേദിയിലെ വിരിപ്പ് ശരിയായി വയ്ക്കാത്തതുകാരണമാണ് കുട്ടികൾ തെന്നി വീണത്, രണ്ടാമത്തെ ടീം മത്സരിക്കാനെത്തിയത് മുതലാണ് അടിത്തെറ്റൽ തുടങ്ങിയത്. കാക്കിയിട്ട മാമന്മാർ ഓടിയെത്തി. കുട്ടികളെ ശാന്തരാക്കി. വീണ് പരിക്കേറ്റവർക്ക് ഒറ്റ ആവശ്യം എ ഗ്രേഡ് വേണം. അത് പരിഗണിക്കാമെന്ന് ഉറപ്പിൽ ശാന്തം. പിന്നീടാരും വീണിട്ട് എ ഗ്രേ‌ഡ് ചോദിക്കാതിരിക്കാനായി ആ തറവിരിപ്പങ്ങ് വലിച്ചു മാറ്റി.

മന്ത്രിയുടെ കല്പന!

മത്സരങ്ങൾ 11ന് തന്നെ ആരംഭിക്കണമെന്നായിരു്നു വിദ്യാഭ്യാസ മന്ത്രിയുടെ കല്പന. വേദി റെഡി, വിധികർത്താക്കൾ റെഡി. മത്സരാ‌‌‌ർത്ഥികൾ മാത്രം എത്തിയില്ല. ആദ്യ ചെസ് നമ്പരിൽ വേദിയിൽ കയറാൻ കുട്ടികൾക്ക് മടി. മാർക്ക് കിട്ടില്ലെന്ന അന്ധവിശ്വാസമാണ് കാരണം. മോഹിനിയാട്ട മത്സരത്തിൽ ആദ്യത്തെ മത്സരാർത്ഥി എത്തിയതേ ഇല്ല. രണ്ടാമത് തട്ടിൽ കയറേണ്ട കുട്ടി മടി പ്രകടിപ്പിക്കാതെ തട്ടിൽ കയറി.

മത്സരങ്ങൾ എല്ലാം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ആരംഭിച്ചത്. വരും ദിവസങ്ങളിലും ഇങ്ങനെയാണെങ്കിൽ എല്ലാവരുടേയും ഉറക്കം പോകും മേളക്കാരന് അത്രയേ പറയാനുള്ളൂ.