ഹൃദയത്തുടിപ്പിൽ കോയ്ക്കോട്

Wednesday 04 January 2023 12:24 AM IST

കോഴിക്കോട്: കലാ ഹൃദയങ്ങളെ കോഴിക്കോട് സ്നേഹം കൊണ്ട് പൊതിയുകയാണ്. നിന്ന് തിരിയാൻ ഇടമില്ലാത്ത വിധം കാഴ്ചയുടെ ആവേശം വേദികളിൽ നിന്ന് വേദികളിലേക്ക് ഒഴുകുന്നു. കോൽക്കളി വേദിയിൽ മത്സരാർത്ഥി വീണ് പരിക്കേറ്റതും കർട്ടന് തീപിടിച്ചതും പ്രധാന വേദിയിൽ നിന്ന് പാമ്പിനെ പിടികൂടിയതുമൊക്കെ കല്ലുകടിയായെങ്കിലും സമയത്ത് മത്സരം തുടങ്ങി പരമാവധി പരാതികൾ ഒഴിവാക്കിയത് സംഘാടന മികവായി.

ഉദ്ഘാടന സമ്മേളനം മുതൽ പ്രധാന വേദി ജനസമുദ്രമായിരുന്നു. കൃത്യസമയത്ത് തന്നെ മത്സരം പൂർത്തിയാക്കി ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തം ആരംഭിച്ചു. സംഘനൃത്തം തുടങ്ങി. രണ്ടാം വേദിയായ ഭൂമിയിൽ സംസ്കൃതനാടകമായിരുന്നു. മൂന്നാംവേദിയിലെ ഭരതനാട്യവും മാർഗംകളിയും ഒട്ടേറെ കാണികളെ ആകർഷിച്ചു. തസ്രാക്കിലെ വട്ടപ്പാട്ട് ജനകീയമായി. ബേപ്പൂർ വേദിയിലെ കോൽക്കളി ശക്തമായ പോരാട്ടങ്ങളുടേതായി. സ്ഥിരം നമ്പറുകളായിരുന്നു മോണോ ആക്ട് വേദിയിൽ. പാണ്ഡവപുരത്ത് നടന്ന ചാക്യാർ കൂത്തും മോശമായില്ല. മത്സരത്തിനിടെ കർട്ടന് തീ പിടിച്ചെങ്കിലും ഉടൻ അണച്ചു.

അറബി കലോത്സവത്തിൽ ശക്തമായ മത്സരമായിരുന്നു. ജനപ്രിയ ഇനമായ മിമിക്രി അവർത്തന വിരസതയിൽ ആസ്വാദകരെ മുഷിപ്പിച്ചു. കൂടിയാട്ടവും ക്ഷേത്രകലകളും കഥകളിയും സ്ഥിരം പ്രേക്ഷകരെ ആകർഷിച്ചു. ഹൈസ്കൂൾ വിഭാഗം സംഘഗാനം ആവേശം നിറച്ചു. രചനാ മത്സരങ്ങളും ഇന്നലെ നടന്നു.

Advertisement
Advertisement