ഹോട്ടൽ ഭക്ഷണം: നഴ്സ് മരിച്ചത് ആന്തരിക അണുബാധമൂലം

Wednesday 04 January 2023 12:24 AM IST

കോട്ടയം : ഹോട്ടൽ ഭക്ഷണം കഴിച്ച് അവശനിലയിലായ നഴ്സ് മരിച്ചത് ആന്തരികാവയങ്ങളിലുണ്ടായ അണുബാധ മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തിയിൽ നിന്ന് അൽഫാം ഓർഡർ ചെയ്ത് കഴിച്ച കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്ത് വിളാക്കത്ത് വിനോദ് കുമാറിന്റെ ഭാര്യ രശ്മി രാജ് (33) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

കരൾ, വൃക്ക, ശ്വാസകോശം എന്നിവിടങ്ങളിൽ അണുബാധയുണ്ടായി. ഏത് തരത്തിലുള്ള അണുബാധയെന്ന് കണ്ടെത്താൻ രാസപരിശോധനാഫലം ലഭിക്കണം. ശരീര സ്രവങ്ങൾ പതോളജി, മൈക്രോ ബയോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം ലഭിച്ചാലേ ഭക്ഷ്യവിഷബാധയാണോയെന്ന് ഉറപ്പിക്കാനാകൂവെന്ന് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് രതീഷ് അറിയിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സൂപ്രണ്ട് ഓഫീസിൽ പൊതുദർശനത്തിനുശേഷം മൃതദേഹം രശ്മിയുടെ കിളിരൂരിലെ പാലത്തറ വീട്ടിലേക്ക് കൊണ്ടുപോയി. ചേതനയറ്റ ശരീരം കണ്ട് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അലമുറയിട്ട നിലവിളി കണ്ടുനിന്നവരെയും ഈറനണിയിച്ചു. വൈകിട്ട് നാലോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കഴിഞ്ഞ 29 നാണ് നഴ്‌സിംഗ് ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന രശ്മി ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചത്. രാത്രിയോടെ വയറുവേദനയും പിന്നീട് വയറിളക്കവും ഛർദ്ദിലും അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും സ്ഥിതി രൂക്ഷമായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും മരിച്ചു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 20 ഓളം പേർ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

 മെഡി.കോളേജിനും വീഴ്ച ഭക്ഷ്യവിഷബാധയേറ്റ് രശ്മി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചിരുന്നില്ല. അതിനാൽ മരണത്തിനു മുൻപ് രശ്മിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് ഗാന്ധിനഗർ പൊലീസ് പറഞ്ഞു.

കേസുമായി മുന്നോട്ട്

സംഭവത്തിൽ കർശന നടപടി വേണമെന്നും കേസുമായി മുന്നോട്ടുപോകുമെന്നും, ഇനി ആർക്കും മകളുടെ അവസ്ഥ ഉണ്ടാകരുതെന്നും രശ്മിയുടെ പിതാവ് ചന്ദ്രൻ പറഞ്ഞു. ഹോട്ടലിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയപ്പാർട്ടികളും രംഗത്തെത്തി. രാവിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തു. വൈകിട്ട് യു.ഡി.എഫും പ്രതിഷേധം സംഘടിപ്പിച്ചു. കോട്ടയം നഗരസഭ ആരോഗ്യവിഭാഗത്തിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ മുൻസിപ്പൽ സെക്രട്ടറി ഡി.ജയകുമാറിനെ തടഞ്ഞുവച്ചു.

 നടപടികൾ വകവയ്ക്കാതെ ഹോട്ടലുടമ

2021​ ​ഡി​സം​ബ​ർ​ 18​ ​ന് ​ഹോട്ടലിൽ പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വ​കു​പ്പ് ​അടുക്കളയിലെ അന്തരീക്ഷം മോശമാണെന്ന് ​ ​ക​ണ്ടെ​ത്തി പി​ഴ​ ​ഈ​ടാ​ക്കിയിരുന്നു.​ ​വീ​ഴ്ച​ ​പ​രി​ഹ​രി​ച്ചെന്ന നിലയിലായിരുന്നു​ ​പി​ന്നീ​ടു​ള്ള​ ​പ്ര​വ​ർ​ത്ത​നം.​ 2022​ ​ന​വം​ബ​റി​ൽ​ ​വീ​ണ്ടും​ ​സമാന വീ​ഴ്ച​ ​ഉ​ണ്ടാ​യ​പ്പോ​ൾ​ ​ഹോ​ട്ട​ൽ​ ​പൂ​ട്ടി​ ​ഉ​ട​മ​യെ​ ​ഹി​യ​റിം​​​ഗി​ന് ​വി​ളി​ച്ചെ​ങ്കി​ലും​ ​എ​ത്തി​യി​ല്ല.​ നോ​ട്ടീ​സ് ​അ​യ​ച്ചെ​ങ്കി​ലും​ ​ഫ​ല​മു​ണ്ടാ​യി​ല്ല.​ തുടർന്ന്, ഇക്കഴിഞ്ഞ 15ന് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിൽ വൃത്തിഹീനമാണെന്ന് കണ്ടെത്തുകയും നോട്ടീസ് അയയ്ക്കുകയും ചെയ്തത്. രണ്ട് സ്ഥലങ്ങളിലായാണ് ഹോട്ടലിന്റെ അടുക്കള സ്ഥിതി ചെയ്യുന്നത്. ഇത് ഒന്നിച്ചാക്കണമെന്നും നിർദ്ദേശിച്ചു. പത്ത് ദിവസത്തിനുള്ളിൽ ചെയ്യുമെന്ന ഉറപ്പോടെയാണ് ഹെൽത്ത് സൂപ്പർവൈസർ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്. അതിനിടെയാണ് വലിയ വീഴ്ച വരുത്തി ദുരന്തമുണ്ടാക്കിയത്.

സാനുവിന് സസ്പെൻഷൻ

കോട്ടയം നഗരസഭയുടെ അനാസ്ഥയാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സാനു .എം.ആറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു. രശ്മിരാജിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാച്ചെലവും സർക്കാർ വഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു.