വിജയിക്കലല്ല പങ്കെടുക്കലാണ് അംഗീകാരം: മുഖ്യമന്ത്രി

Wednesday 04 January 2023 12:29 AM IST

കോഴിക്കോട്: വിജയിക്കലല്ല പങ്കെടുക്കലാണ് അംഗീകാരമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മയക്കുമരുന്നിനെതിരെയുള്ള സർക്കാർ കാമ്പെയിന് കലോത്സവം കരുത്തു പകരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ സർഗവാസനകൾ കണ്ട് മനംകുളിർക്കുന്ന തലത്തിൽ രക്ഷിതാക്കൾ സമീപിക്കണം. മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് കലോത്സവം. എല്ലാവർക്കും ഒരുമിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും രസിക്കാനും രസിപ്പിക്കാനുമുള്ള വേദിയാണ്. നാടിന്റെ ഐക്യം ഊട്ടിയുറപ്പിക്കാൻ കഴിയണം. അന്യം നിന്നുപോവുന്ന കലയുടെ വീണ്ടെടുപ്പിന് സഹായിക്കുന്ന കലോത്സവത്തിൽ പ്രാദേശിക കലാരൂപങ്ങളും നാടൻ കലകളും അവതരിപ്പിക്കുന്നുണ്ട്. കൊവിഡിന് ശേഷം കുട്ടികളുടെയും കലാ- സാംസ്കാരിക മേഖലയുടെയും മടങ്ങിവരവിന്റെ അടയാളപ്പെടുത്തലാണ് കലോത്സവം. ലഹരി ഉൾപ്പെടെ കുട്ടികളെ ലക്ഷ്യംവയ്ക്കുന്ന സാമൂഹിക വിപത്തുകളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ മുഖ്യാതിഥികളായി. നടി ആശ ശരത്ത് വിശിഷ്ടാതിഥിയായി.