മനസും വയറും നിറച്ച് ഊട്ടുപുര

Wednesday 04 January 2023 12:30 AM IST

കോഴിക്കോട്: ഊട്ടുപുരയും രുചി വൈവിദ്ധ്യത്താൽ നിറയുകയാണ്. ഇന്നലെ ഉച്ചയൂണിന് പ്രതീക്ഷിച്ചത് 13000 പേരെ. എത്തിയത് 16500 പേരും. തികയാതെ വന്നതോടെ കൂടുതൽ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. ഇനിയുള്ള ദിസങ്ങളിലും എണ്ണം വർദ്ധിക്കുമെന്നതിനാൽ കൂടുതൽ പേർക്ക് ഭക്ഷണം കരുതും.

ഒരേ സമയം 2000 പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണശാലയാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് ഷിഫ്ടുകളിലായി 1200 അദ്ധ്യാപകരാണ് സദ്യ വിളമ്പുന്നത്. ദിവസേന നാല് നേരത്തെ ഭക്ഷണമാണ് വിളമ്പുന്നത്. രാവിലെ 7ന് ആരംഭിക്കുന്ന ഭക്ഷണ വിതരണം രാത്രി 10 വരെ നീളും.

പൈനാപ്പിൾ പച്ചടി, അവിയൽ, അരി പായസം തുടങ്ങി 12 കൂട്ടം വിഭവങ്ങളാണ് ആദ്യ ദിവസം കലവറയിലൊരുങ്ങിയത്. സദ്യ കഴിഞ്ഞ് മധുരത്തിനായി കോഴിക്കോടിന്റെ സ്വന്തം കോഴിക്കോടൻ ഹൽവയും പുറത്തൊരുക്കിയിട്ടുണ്ട്.

ആദ്യ ദിവസമായ ചൊവ്വാഴ്ച മന്ത്രിമാരായ വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ് എന്നിവർ ചക്കരപന്തലിലെത്തിയിരുന്നു. പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 70 ഓളം പേരാണ് ഊട്ടുപുരയിൽ ഭക്ഷണമൊരുക്കുന്നത്.