നാടൻ പാട്ടിലലിഞ്ഞ് ശ്രാവസ്തി
കോഴിക്കോട്: നാടൻ പാട്ടുവേദിയായ ടൗൺഹാളിലായിരുന്നു കലോത്സവത്തിന്റെ മുഴുവൻ വൈബും!
പാട്ടിന്റെ താളത്തിനൊത്ത് ചുവടുവച്ചും ആർപ്പുവിളിച്ചും യൂത്ത് കളറാക്കി. ശ്രാവസ്തിയെന്ന പേരിട്ടിരിക്കുന്ന ടൗൺഹാളിൽ യുവപ്രേക്ഷകരുടെ സാന്നിദ്ധ്യം നാടൻപാട്ടിനോടുള്ള സ്നേഹത്തിന്റെ തെളിവായി.
മത്സരാർത്ഥികൾക്കൊപ്പം കാണികളും ആടിയും പാടിയും കൈയടിച്ചും ഒപ്പം ചേർന്നു. മത്സരങ്ങളിലെ ഇടവേളകളിൽ പോലും ഇരിപ്പിടമൊഴിഞ്ഞില്ല. കണ്ണും കാതും കൂർപ്പിച്ച് അടുത്ത പാട്ടിനായി കാത്തിരിക്കുന്ന കാഴ്ച വേറിട്ടതായി. മത്സരാർത്ഥികളിലെ സന്തോഷവും സങ്കടവും ഒരു പോലെ കാണികളിലും പ്രകടമായി. കാർഷിക അഭിവൃതി വിളിച്ചോതുന്നതും മൺമറഞ്ഞുപോയ ആചാരങ്ങളും അനുഷ്ടാനങ്ങളും വാമൊഴിയായി പറയപ്പെട്ടതുമായ സംഭവങ്ങൾ കൊട്ടും പാട്ടിന്റെയും അകമ്പടിയോടെ നിറഞ്ഞാടി. നാടൻ പാട്ടിന്റെ ഈരടികൾക്കൊപ്പം വാദ്യോപകരണങ്ങളുടെ താളമേളം കൂടിയായപ്പോൾ മത്സരം ആവേശത്തിൽ മുഴങ്ങുകയായിരുന്നു. സാസ്കാരിക പ്രവർത്തകർ, യുവതീ, യുവാക്കൾ ഹാളിൽ ഇരിപ്പിടങ്ങളില്ലാതെ മണിക്കൂറുകളോളം വേദിക്കരികിൽ തന്നെ നിലയുറപ്പിച്ചു. വാദ്യങ്ങൾ വായിച്ചു കൊണ്ട് പാട്ട് പാടിയവരെ വിധി കർത്താക്കളും മറ്റും അഭിനന്ദനങ്ങളാൽ മൂടി.