കോൽക്കളിയിൽ മതം ഔട്ട്, കല ഇൻ

Wednesday 04 January 2023 12:34 AM IST

കോഴിക്കോട്: ബേപ്പൂരിൽ നിറഞ്ഞുകവിഞ്ഞ കോൽക്കളി ആസ്വാദകർക്ക് മുന്നിൽ പാടി ചുവടുവച്ച് തകർക്കുകയാണ് കായംകുളം എൻ.ആർ.പി.എമ്മിലെ പത്താംക്ലാസുകാർ. പാട്ടിന്റെ താളം തെറ്റിയില്ല, ചുവടൊന്നും പിഴച്ചില്ല. കളി കഴിഞ്ഞപ്പോൾ കോഴിക്കോടൻ ആസ്വാദകർ കരഘോഷം മുഴക്കി.

സ്കൂളിലെ അദ്ധ്യാപകരൊക്കെ എത്തി വിദ്യാർത്ഥികളെ അനുമോദിച്ചു, ''എടാ ഭരതേ കലക്കി''- ഗുരു അജ്മലിന്റെ അഭിനന്ദനം.

സംസ്ഥാന കലോത്സവത്തിൽ കോൽക്കളിയുമായി എത്തണമെന്നത് പത്ത് ബിയിലെ ഭരതിന്റേയും കൂട്ടുകാരായ അഖിൽ, വിനായകൻ, അനന്തു, അജയ്, ആരോമലുണ്ണി, അക്ഷയ്, ശബരി, ദേവാനന്ദൻ, മാധവ്, മയാൻ എന്നിവരുടെ ആഗ്രഹമായിരുന്നു. മാപ്പിളകലയാണ് കോൽക്കളി. ഇവരുടെ ആഗ്രഹം കേട്ട അദ്ധ്യാപകരും എതിര് പറഞ്ഞില്ല. പത്ത് ഡിയിലെ അസ്ലം കൂടി ഇവർക്കൊപ്പം ചേർന്നു 12 അംഗ ടീമായി. കോൽക്കളി പഠിപ്പിക്കുന്ന വള്ളിക്കുന്ന സ്വദേശി അജ്മൽ നാലു മാസത്തെ ശിഷണത്തിലൂടെ കുട്ടികളെ മത്സര സജ്ജരാക്കി. ഫലം വന്നപ്പോൾ ഭരതിന്റെ ടീമിന് എ ഗ്രേഡ്.

ഈ സ്കൂൾ മാത്രമല്ല, മറ്റ് ചില സ്കൂളുകളും മതപരിഗണനയൊക്കെ ദൂരെ എറിഞ്ഞാണ് കലോത്സവ ടീം രൂപീകരിച്ചത്. കോൽക്കളിയിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളും മതത്തെ മാറ്റി നിറുത്തി. അഭിനന്ദ് പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു ടീം മത്സരിച്ചത്. പാലക്കാട്, കോട്ടയം ജില്ലകളും ഇതേ രീതിയാണ് ടീമിനെ എത്തിച്ചത്.

കോലടിച്ച് ചുവട് വയ്ക്കുമ്പോൾ രണ്ടുപേർ പാടണം, രണ്ടുപേർ താളം പറയണം. മറ്റുള്ളവർ ഏറ്റുപാടണം. അറബി ചേർന്ന മലയാളമാണ് പാട്ട്. പത്ത് മിനിട്ട് നീളുന്ന മത്സരത്തിൽ എല്ലാം കാണാതെ പഠിക്കണം. ഈസിയല്ല കോൽക്കളി അജ്മൽ പറഞ്ഞു.