കോവളം സതീഷ്‌കുമാറിന് മാദ്ധ്യമ പുരസ്കാരം

Wednesday 04 January 2023 12:35 AM IST

തിരുവനന്തപുരം: പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യ ഏർപ്പെടുത്തിയ മികച്ച മാദ്ധ്യമ പ്രവ‌ർത്തകനുള്ള ഈ വർഷത്തെ മാദ്ധ്യമ ശ്രേയസ് പുരസ്കാരത്തിന് കേരളകൗമുദിയുടെ പ്രത്യേക ലേഖകൻ കോവളം സതീഷ്‌കുമാറിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വ‌ർഷം കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വിവിധ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്കാരം.

മുൻ മന്ത്രി സി. ദിവാകരൻ,കെ.കെ.രമ എം.എൽ.എ,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർക്ക് ഇ.കെ.നായനാരുടെ സ്‌മാരക പ്രവാസി ഭാരതി പുരസ്‌കാരവും മധുപാലിന് ചലച്ചിത്ര പ്രതിഭയ്‌ക്കുള്ള പുരസ്‌കാരവും ജന്മഭൂമി ലേഖകൻ ശിവകൈലാസിന് മാദ്ധ്യമ രത്‌ന പുരസ്‌കാരം ലഭിച്ചു. 11ന് വൈകിട്ട് 5.30ന് മാസ്കോട്ട് ഹോട്ടൽ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരങ്ങൾ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സമ്മാനിക്കുമെന്ന് ജനറൽ കൺവീനർ പ്രവാസി ബന്ധു ഡോ .എസ് .അഹമ്മദ് അറിയിച്ചു.