രണ്ട് വി.സിമാർക്ക് ഇന്ന് ഗവർണറുടെ ഹിയറിംഗ്

Wednesday 04 January 2023 12:36 AM IST

തിരുവനന്തപുരം:യു.ജി.സി ചട്ടപ്രകാരമല്ലാതെ നിയമിതരായ എട്ടു വൈസ്ചാൻസലർമാരെ പുറത്താക്കുന്നതിന്റെ മുന്നോടിയായി എം.ജി വി. സി പ്രൊഫ. സാബുതോമസ്. കണ്ണൂർ വി. സി ഡോ.ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്ക് ഗവർണർ ഇന്ന് ഹിയറിംഗ് നടത്തും. റഷ്യൻ സന്ദർശനത്തിലായിരുന്നതിനാൽ കഴിഞ്ഞ 12ന് നടത്തിയ ഹിയറിംഗിൽ സാബുതോമസ് ഹാജരായിരുന്നില്ല. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സമയം നൽകിയത്. 12ലെ ഹിയറിംഗിൽ കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന് വേണ്ടി ഹാജരായ അഡ്വ. സുനിൽകുമാർ വി.സി പുനർനിയമനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടിരുന്നു. ഏതാനും രേഖകൾ രാജ്ഭവൻ കൈമാറി. അതിനു ശേഷമാണ് ഇന്നത്തെ ഹിയറിംഗിൽ ഹാജരാകാൻ നിർദ്ദേശിച്ചത്.

അതേസമയം, ഹിയറിംഗിന് ഹാജരാകാൻ കണ്ണൂർ വി.സിയുടെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഗോപിനാഥ് രവീന്ദ്രന്റേത് പുനർനിയമനമായതിനാൽ യു.ജി.സി ചട്ടങ്ങൾ ബാധകമാവില്ലെന്നും സർവകലാശാലാ നിയമം മാത്രമാണ് ബാധകമെന്നുമാണ് അഭിഭാഷകൻ ആദ്യ ഹിയറിംഗിൽ നിലപാടെടുത്തത്. നിയമനരേഖകൾ ലഭിക്കാതെ ആദ്യ ഹിയറിംഗിൽ പങ്കെടുക്കില്ലെന്ന് കണ്ണൂർ വി.സി അറിയിച്ചിരുന്നെങ്കിലും അഭിഭാഷകനെ നിയോഗിക്കുകയായിരുന്നു.

എം.ജി, കാലിക്കറ്റ്, കുസാറ്റ്, സംസ്കൃതം, കണ്ണൂർ, മലയാളം, ഓപ്പൺ, ഡിജിറ്റൽ സർവകലാശാലാ വി.സിമാർക്കും കേരള വി.സിയായി വിരമിച്ച ഡോ.വി.പി.മഹാദേവൻ പിള്ളയ്ക്കുമാണ് ഗവർണർ നോട്ടീസ് നൽകിയത്. വിരമിച്ചെങ്കിലും നിയമവിരുദ്ധമായ നിയമനം അസാധുവാക്കാൻ ഗവർണർക്ക് കഴിയും.

നിയമനശുപാർശ തെറ്റായതിനാൽ എല്ലാ വി.സിമാരുടെയും നിയമനം അസാധുവാണെന്നാണ് ഗവർണറുടെ നിലപാട്. ഹിയറിംഗിന് അവസരം നൽകിയശേഷം പിരിച്ചുവിടാനാണ് ഗവർണറുടെ നീക്കം.

ഗവർണർ നേരത്തേ നോട്ടീസ് നൽകിയിരുന്ന ഫിഷറീസ് വി.സി റിജി ജോണിനെ ഹൈക്കോടതി പുറത്താക്കി. നിയമനത്തിൽ ക്രമക്കേടുള്ളതിനാൽ എം.എസ്.രാജശ്രീയെ (സാങ്കേതിക സർവകലാശാല) സുപ്രീംകോടതി പിരിച്ചുവിട്ടിരുന്നു.