സി.ഐ സുനു ഹിയറിംഗിന് ഹാജരായില്ല, ഡി.ജി.പി നീക്കം കരുതലോടെ
തിരുവനന്തപുരം: മാനഭംഗമടക്കം ആറ് കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സുനു ഡി.ജി.പിക്കു മുന്നിൽ ഹിയറിംഗിന് ഹാജരായില്ല. ഇന്നലെ രാവിലെ 11ന് ഡി.ജി.പിയുടെ ചേംബറിൽ ഹിയറിംഗിന് ഹാജരാകാനായിരുന്നു നോട്ടീസ്. അസുഖബാധിതനായി ചികിത്സയിലാണെന്നും നേരിട്ട് ഹാജരാവാൻ 15 ദിവസത്തെ സമയം നൽകണമെന്നും ആവശ്യപ്പെട്ട് സുനു ഡി.ജി.പിക്ക് ഇ-മെയിൽ അയച്ചിട്ടുണ്ട്. ഇത് ഡി.ജി.പിയുടെ പരിഗണനയിലാണ്. തീനേരത്തേ ഡിസംബർ 31നകം നോട്ടീസിന് മറുപടി നൽകണമെന്നാവശ്യപ്പെട്ടപ്പോഴും നിരപരാധിയാണെന്നും കേസുകളെല്ലാെം കെട്ടിച്ചമച്ചതാണെന്നും പിരിച്ചുവിടരുതെന്നും സുനു ഇ-മെയിൽ അയച്ചിരുന്നു.
ഹിയറിംഗ് നടത്തിയ ശേഷം പിരിച്ചുവിടൽ ഉത്തരവിറക്കാനായിരുന്നു ഡി.ജി.പിയുടെ തീരുമാനം. ഹിയറിംഗ് നടത്താതെ പിരിച്ചുവിട്ടാൽ സുനുവിന് അത് കോടതിയിൽ ആയുധമാക്കാനാവും. അതിനാൽ കരുതലോടെയാവും അടുത്ത നടപടികൾ. ഒരു തവണ കൂടി ഹിയറിംഗിന് നോട്ടീസ് നൽകണോയെന്ന് ഡി.ജി.പി നിയമോപദേശം തേടും. പിരിച്ചുവിടാനുള്ള ഫയൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഡി.ജി.പി നിർദ്ദേശിച്ചിട്ടുണ്ട്.
സുനുവിന്റെ വിശദീകരണം കിട്ടിയശേഷം ഹിയറിംഗ് നടത്തി ഉചിതമായ നടപടിയെടുക്കാമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ബലാത്സംഗമടക്കം ആറു കേസുകളിൽ പ്രതിയായ സുനു 15വട്ടം വകുപ്പുതല നടപടിക്കും വിധേയനായിട്ടുണ്ട്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കൂട്ട മാനഭംഗക്കേസിൽ സുനു അറസ്റ്റിലായിരുന്നു. ഇവയടക്കം സുനുവിനെതിരായ എല്ലാ കേസുകളും പുനഃപരിശോധിച്ചാണ് ക്രിമിനൽ മാനസികാവസ്ഥയുള്ളയാളെന്ന് വിലയിരുത്തി പിരിച്ചുവിടുന്നത്.