ഭ്രാന്തൻ വേലായുധൻ, ചായക്കടക്കാരൻ നാണുവിനെ കാണുമ്പോൾ, എം.ടിക്ക് നാടകാദരം നൽകാൻ സർക്കാരും സൂര്യ കൃഷ്ണമൂർത്തിയും

Wednesday 04 January 2023 12:45 AM IST

തിരുവനന്തപുരം: എം.ടി വാസുദേവൻ നായരുടെ നോവലായ ഇരുട്ടിന്റെ ആത്മാവിലെ പ്രധാന കഥാപാത്രം 'ഭ്രാന്തൻ വേലായുധ'നെ സൂര്യ കൃഷ്ണമൂർത്തിയുടെ നാടകങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ ചായക്കടക്കാരൻ നാണുനായർ കണ്ടാൽ എന്താവും പറയുക. അറിയാൻ ഏപ്രിൽ വരെ കാക്കണം.

എം.ടിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി സൂര്യ കൃഷ്ണമൂർത്തി ഒരുക്കുന്ന 'തുടർച്ച' എന്ന ഓപ്പൺ എയർ നാടകത്തിലൂടെയാണ് ഇരുവരുടെയും പ്രധാന കഥാപാത്രങ്ങൾ ആവലാതികളും ദുഃഖങ്ങളും പങ്കിടുക. നാടകത്തിന്റെ ആദ്യ പ്രദർശനം തിരുവനന്തപുരത്താണ്. തുടർന്ന് കോഴിക്കോട്ടും നടക്കും. എം.ടിയുടെ ഭ്രാന്തൻ വേലായുധനും വെളിച്ചപ്പാടും ലീലയും അമ്മാവനും കോന്തുണ്ണിയുമൊക്കെ ഷോയിൽ എത്തുമ്പോൾ ആവലാതികളുമായി വരിക സൂര്യ കൃഷ്ണമൂർത്തിയുടെ ചായക്കടക്കാരൻ നാണുനായരും അമ്മുവും കടത്തുകാരൻ നാരായണൻ കുട്ടിയും പോസ്റ്റ്മാനും ബാർബറുമൊക്കെയാണ്.

നാടകത്തിന്റെ രചനയും സംവിധാനവും സൂര്യ കൃഷ്ണമൂർത്തിയാണ്. 14ന് സൂര്യ കൃഷ്ണമൂർത്തി എം.ടിയെ സന്ദർശിക്കുന്നുണ്ട്. അദ്ദേഹം മാറ്റങ്ങൾ നിർദ്ദേശിച്ചാൽ നടപ്പാക്കുമെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.

എം.ടിക്കൊരു പിറന്നാൾ സമ്മാനം ഒരുക്കാമെന്ന സാംസ്‌കാരിക മന്ത്രി വി. എൻ വാസവന്റെ ആശയത്തിൽ നിന്നാണ് സംരംഭത്തിന് തുടക്കമായത്. നാടകത്തിന്റെ സ്ക്രിപ്റ്റ് കണ്ട് മുഖ്യമന്ത്രി സമ്മതിച്ചു. ഫണ്ട് മുടക്കുന്നത് സർക്കാരാണ്. കഥാപാത്രങ്ങൾ അരങ്ങിലെത്തുമ്പോൾ കഥ പറയുന്നത് ഉണ്ണി എന്ന കഥാപാത്രമാകും. എം.ടിയുടെ അമ്മയാണ് പ്രധാന കഥാപാത്രമെങ്കിലും രംഗത്തു വരില്ല. ചായക്കടയും ആൽമരവും പുഴയും ക്ഷേത്രവും പടവുകളുമൊക്കെയുള്ള ഒരു ഗ്രാമം സൃഷ്ടിക്കുന്നത് സൂര്യയുടെ സ്വന്തം ഹൈലേഷാണ്. സൂര്യയുടെ 25 ഓളം താരങ്ങൾ കഥാപാത്രങ്ങളാവും.