വളർത്തുമൃഗങ്ങൾക്ക് സുഖമില്ലാതായാൽ ഇനി ഡോക്‌ടറുടെ അടുത്തേക്ക് ഓടണ്ട, ക്ളിനിക്ക് നിങ്ങൾക്കരികിലെത്തും: ഉദ്‌ഘാടനം നാളെ
തിരുവനന്തപുരം: വീട്ടുപടിക്കൽ മൃഗഡോക്ടറും സംഘവും എത്തും. ഇതിനായി 29 മൊബൈൽ ക്ളിനിക്കുകൾ സജ്ജമാക്കി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവകുപ്പ് മന്ത്രി പർഷോത്തം രൂപാല കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നിർവഹിക്കും.
ഓരോ ജില്ലയിലും രണ്ട് ക്ളിനിക്കുകൾ വീതമാണുള്ളത്. ഇടുക്കിയിൽ മൂന്ന് ക്ളിനിക്കുകളുണ്ട്. തലസ്ഥാനത്ത് നെടുമങ്ങാടും പാറശാലയിലുമാണ് മൊബൈൽ ക്ലിനിക്കുകൾ. കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ മൂന്ന് കോടി ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രവർത്തനം ഇങ്ങനെ
1962 എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കുമ്പോൾ തിരുവനന്തപുരത്തെ കേന്ദ്രീകൃത സെന്ററിൽ ലഭിക്കുന്ന കോൾ വിളിക്കുന്ന വ്യക്തിയുടെ ഏറ്റവും അടുത്തുള്ള മൊബൈൽ ക്ളിനിക്കിലേക്ക് ജി.പി.എസ് സംവിധാനം വഴി കൈമാറും. ഉച്ചയ്‌ക്ക് ഒരു മണി മുതൽ 8 വരെയാണ് മൊബൈൽ ക്ളിനിക്കുകളുടെ പ്രവർത്തനം. ബാക്കിസമയം മിൽമ നിയമിച്ചിട്ടുള്ള ഡോക്ടർമാർ, മൃഗാശുപത്രികളിൽ രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ, ഫോറസ്റ്റിന്റെ ഡോക്ടർമാർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും.
മൊബൈൽ ക്ളിനിക്കിൽ
വെറ്ററിനറി ഡോക്ടർ, പാരാ വെറ്ററിനറി സ്റ്റാഫ്, അറ്റൻഡന്റ് കം ഡ്രൈവർ
ഉദ്ഘാടനം നാളെ
ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ടോൾ ഫ്രീ നമ്പർ 1962 പുറത്തിറക്കും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. എം.പിമാരായ ശശിതരൂർ, ബിനോയ് വിശ്വം, എ.എ.റഹിം, പി.ടി.ഉഷ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ജില്ലാകളക്ടർ ജെറോമിക് ജോർജ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ തുടങ്ങിയവർ പങ്കെടുക്കും.