ആശ്രിത നിയമനത്തിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ; ഒരു വർഷത്തിനുള്ളിൽ ജോലി സ്വീകരിക്കാൻ സാധിച്ചാൽ മാത്രം നിയമനം, സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനിയും അവധി?

Wednesday 04 January 2023 12:15 PM IST

തിരുവനന്തപുരം: സർക്കാർ സർവീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്ക് നിയമനം നൽകുന്ന രീതിയിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി പത്തിന് ഉച്ചയ്ക്ക് ഓൺലൈനായിട്ടാണ് യോഗം.

സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്ക് ഒരു വർഷത്തിനുള്ളിൽ ജോലി സ്വീകരിക്കാൻ കഴിയുമെങ്കിൽ മാത്രം നിയമനം നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഒരു വർഷത്തിനുള്ളിൽ ജോലി സ്വീകരിക്കാൻ സാധിക്കാത്തവർക്ക് പത്ത് ലക്ഷം രൂപ നൽകി, ആ പോസ്റ്റ് പി എസ് സിക്ക് വിടാനാണ് ആലോചന.

സർക്കാരിന്റെ നീക്കത്തിന് പിന്നിൽ ഹൈക്കോടതി ഉത്തരവാണെന്നാണ് സൂചന. ഓരോ വകുപ്പിലും നിലവിലുള്ള ഒഴിവിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ആശ്രിത നിയമനം നൽകാവൂ എന്നാണ് കോടതിയുടെ ഉത്തരവ്. അതേസമയം, സർക്കാർ തീരുമാനത്തെ സർവീസ് സംഘടനകൾ എതിർക്കാൻ സാദ്ധ്യതയുണ്ട്.

അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്ക് എല്ലാ നാലാം ശനിയാഴ്ചയും അവധി നൽകുന്നതിനെക്കുറിച്ചും സർവീസ് സംഘടനകളുടെ യോഗത്തിൽ ചർച്ച ചെയ്യും.

Advertisement
Advertisement