പുതുവത്സരത്തിൽ പുത്തൻ പ്രതീക്ഷയോടെ കേരള ടൂറിസം

Thursday 05 January 2023 2:53 AM IST

തിരുവനന്തപുരം: പുതുവർഷത്തിൽ പുത്തൻ പദ്ധതികളുമായി വലിയകുതിപ്പിന് കേരള ടൂറിസത്തിന്റെ ഒരുക്കം. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് അതിവേഗം കരകയറുകയും ടൈം മാഗസിൻ, വേൾഡ് ട്രേഡ് മാർട്ട് തുടങ്ങിയവയുടേത് ഉൾപ്പെടെ അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കി തിളങ്ങുകയും ചെയ്യുന്ന കേരള ടൂറിസം, പരമ്പരാഗത ആകർഷണങ്ങൾക്ക് പുറമേ നൈറ്റ്‌‌‌ലൈഫ് ടൂറിസം മുതൽ ഹെലികോപ്‌ടർ സഞ്ചാരം ഉൾപ്പെടെയുള്ള പുത്തൻ ആകർഷണങ്ങളുമായാണ് ആഭ്യന്തര-അന്താരാഷ്‌ട്ര ടൂറിസ്‌റ്റുകളെ സ്വാഗതം ചെയ്യുക.

ടൂറിസത്തെ വ്യവസായമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുത്തൻ മാറ്റങ്ങൾ. തിരുവനന്തപുരം കനകക്കുന്നിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നൈറ്ര്‌‌ലൈഫിന്റെ തുടക്കം. പുലരുവോളം നീളുന്ന കലാപരിപാടികളും കേരളത്തിന്റെ തനത് രുചിക്കൂട്ടുകളുടെ വിഭവസമൃദ്ധിയും നൈറ്റ്‌‌ലൈഫിന്റെ ആകർഷണമാകും. വൈകാതെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ഫുഡ് ടൂറിസം,​ സർഫിംഗ്,​ കയാക്കിംഗ്...

പ്രാദേശിക ഭക്ഷണങ്ങളുൾപ്പെടുത്തി 'ഫുഡ് ടൂറിസം" എന്ന ആശയവുമായി പാലക്കാട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പത്ത് പഞ്ചായത്തുകളിലും പ്രധാന നഗരങ്ങളിലും ഫു‌ഡ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കും.

കടലും കായലും അതിരിടുന്ന കേരളത്തിൽ ജലസാഹസിക ടൂറിസത്തിന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്താനുള്ള പദ്ധതികളുണ്ടാകും. ബേപ്പൂരിലെ സർഫിംഗ് സ്കൂളിൽ പരിശീലനം കഴിഞ്ഞവരുടെ സഹായത്തോടെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് സ‌ർഫിംഗ് വ്യാപിപ്പിക്കും. ബീച്ച് പാലങ്ങൾ മോടി പിടിപ്പിക്കും. ഗ്രാമങ്ങളിൽ ടൂറിസം സ്‌ട്രീറ്റുകൾ വരും.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളുടെ പങ്കാളിത്തത്തോടെ കയാക്കിംഗ് വ്യാപകമാക്കും. ക്രൂസ് ടൂറിസം, ഹെലികോപ്‌ടർ ടൂറിസം എന്നിവയും അവതരിപ്പിക്കും. കേരളാ ടൂറിസത്തിലെ പുതിയ ഉത്പന്നമായ കാരവൻ ടൂറിസത്തെ കൂടുതൽ വിപുലപ്പെടുത്തും.

''നൈറ്റ്‌ലൈഫ് ടൂറിസമുൾപ്പെടെ പുതുമയാർന്ന ഒട്ടേറെ പദ്ധതികളാണ് 2023ൽ ലക്ഷ്യമിടുന്നത്. കേരള ടൂറിസത്തെ ഒരുവ്യവസായമാക്കി ടൂറിസം വികസനത്തിനൊപ്പം തൊഴിലും വരുമാനവും വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം""

പി.എ.മുഹമ്മദ് റിയാസ്,

ടൂറിസം മന്ത്രി

Advertisement
Advertisement