പൊന്നിൻ വില മുന്നോട്ട്; ₹5,​100 കടന്ന് ഗ്രാം വില

Thursday 05 January 2023 3:07 AM IST

കൊച്ചി: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സ്വർണവില ഗ്രാമിന് 5,100 രൂപ കടന്നു. 15 രൂപ വർദ്ധിച്ച് 5,110 രൂപയാണ് ഇന്നലെ വില. പവൻവില 120 രൂപ ഉയർന്ന് 40,880 രൂപയായി. രാജ്യാന്തര വിപണിയിലെ വിലക്കുതിപ്പാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

രാജ്യാന്തരവില ഇന്നലെ ഔൺസിന് 1,836.55 ഡോളറിൽ നിന്ന് 1,864.62 ഡോളർ വരെയെത്തി. ആഗോള സാമ്പത്തികമാന്ദ്യ ഭീതി, നാണയപ്പെരുപ്പ ഭീഷണി എന്നിവമൂലം നിക്ഷേപകർ ഓഹരിവിപണിയിൽ നിന്ന് പണം പിൻവലിച്ച് സ്വർണത്തിലേക്ക് ചേക്കേറുന്നതാണ് വിലക്കുതിപ്പിന് കാരണം.

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടുമെന്ന ഭീതിമൂലം ഓഹരിവിപണികൾ നേരിടുന്ന തളർച്ചയും സ്വർണവിലയിൽ കുതിപ്പുണ്ടാക്കുന്നു. സെൻസെക്‌സ് ഇന്നലെ 636 പോയിന്റും നിഫ്‌റ്റി 189 പോയിന്റും ഇടിഞ്ഞു.