പാവക്കുളം പകൽപ്പൂരം ഇന്ന്
Thursday 05 January 2023 12:07 PM IST
കൊച്ചി: പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് പകൽപ്പൂരം നടക്കും. ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കലൂർ ചേരാതൃക്കോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് വൈകിട്ട് അഞ്ചിനാണ് പകൽപ്പൂരം ആരംഭിക്കുന്നത്.
കൊട്ടാരം സംഗീത് മാരാരുടെയും കൊട്ടാരം സജിത്ത് മാരാരുടെയും നേതൃത്വത്തിൽ നടക്കുന്ന പഞ്ചവാദ്യവും ചെണ്ടമേളവും പൂരത്തിന് അകമ്പടിയാകും. പാവക്കുളം മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിരയോടനുബന്ധിച്ച് എട്ടങ്ങാടി നിവേദ്യം, പാതിരാപ്പൂചൂടൽ, തിരുവാതിരക്കളി എന്നിവയും ഉണ്ടാകും. രാത്രി ഏഴിന് സിബി സുബ്രഹ്മണ്യൻ അവതരിപ്പിക്കുന്ന മെഗാ ഭക്തിഗാനമേള. 11ന് പള്ളിവേട്ട നടക്കും. തുടർന്ന് ചെറിയ കാണിക്ക. ഉത്സവത്തോടനുബന്ധിച്ച് സനാതന ധർമ്മങ്ങളുടെ പ്രസക്തി സംബന്ധിച്ച് ഡോ. സരിത അയ്യർ ഇന്നലെ പ്രഭാഷണം നടത്തി.