തിയേറ്ററിൽ സൗജന്യ കുടിവെള്ളം ; കഫറ്റീരീയ സ്വന്തമായി നടത്തും

Thursday 05 January 2023 1:21 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തിയേറ്ററിലും സൗജന്യ കുടിവെള്ളം നൽകാൻ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള (ഫിയോക്ക്). ഉടമകൾക്ക് കുടിവെള്ള കാനുകളോ കിയോസ്‌കുകളോ സ്ഥാപിക്കാം.

പ്രേക്ഷകർക്ക് സൗജന്യ കുടിവെള്ളം നൽകാൻ തിയേറ്റർ ഉടമകൾ ബാദ്ധ്യസ്ഥരാണെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സാമ്പത്തിക ശേഷി അനുസരിച്ച് ചൂടുവെള്ളവും തണുത്ത വെള്ളവും നൽകുന്ന സംവിധാനമൊരുക്കാം. കുപ്പിവെള്ളം സൗജന്യമായി നൽകില്ല. അത് പണം കൊടുത്ത് കഫറ്റീരിയയിൽ നിന്ന് വാങ്ങണമെന്നും ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ കേരളകൗമുദിയോട് പറഞ്ഞു.

ഭൂരിപക്ഷം തിയേറ്ററിലും കഫറ്റീരിയ കാറ്ററിംഗ് ഏജൻസികൾക്ക് പുറം കരാർ നൽകിയിരിക്കയാണ്. ഇനി തിയേറ്ററുകൾ നേരിട്ട് കഫറ്റീരിയ നടത്താൻ ഫിയോക്ക് ആവശ്യപ്പെടും. സംഘടന സഹായിക്കും. ഒറ്റമുറി കഫറ്റീരിയ സങ്കൽപ്പം മാറിയതിനാൽ ഇന്റീരിയർ ഡിസൈനിൽ വരെ പുതുമ കൊണ്ടുവരാൻ സാങ്കേതിക സമിതിക്ക് രൂപം നൽകും. തിയേറ്ററിൽ പുറം ഭക്ഷണം വിലക്കിയ കോടതി ഉത്തരവ് ഉടമകൾ സ്വാഗതം ചെയ്യുന്നു. വൻകിട തിയേറ്ററുകളിൽ ഈ രീതിയുണ്ട്. എല്ലാ തിയേറ്ററിലും കോടതി വിധി നടപ്പാക്കാൻ നിർദ്ദേശിക്കും.

കോടതി നിരീക്ഷണം

സിനിമാ ഹാളിൽ ജിലേബി കൊണ്ടുവരുന്ന പ്രേക്ഷകൻ അത് തിന്ന് നെയ്യും എണ്ണയും പറ്റിയ കൈ സീറ്റിൽ തുടച്ചാൽ വൃത്തിയാക്കാൻ ആര് പണം നൽകും? തന്തൂരി ചിക്കൻ കൊണ്ടുവരുന്നവർ അത് തിന്ന് എല്ലുകൾ നിലത്തിട്ടാൽ ആളുകൾക്ക് ബുദ്ധിമുട്ടാകും. പോപ്പ്കോൺ വാങ്ങാൻ ആരും പ്രേക്ഷകനെ നിർബന്ധിക്കുന്നില്ല.

കഫറ്റീരിയ ഏറ്റെടുത്താൽ

വിൽപ്പനയ്‌ക്ക് കമ്പനി ഐറ്റങ്ങൾ മാത്രം

ലാഭം മൊത്തം തിയേറ്ററിന്

അമിതവില ഈടാക്കില്ല

ബാദ്ധ്യതയാകും...

കഫറ്റീരിയ ഏറ്റെടുത്താൽ അവിടത്തെ ജീവനക്കാർക്കും തങ്ങൾ ശമ്പളം നൽകണമെന്നും അത് അമിത ബാദ്ധ്യതയാകുമെന്നുമാണ് ഫിയോക്കിന്റെ നിർദ്ദേശത്തോടുള്ള ചില തിയേറ്റർ ഉടമകളുടെ പ്രതികരണം.എന്നാൽ സൗജന്യ കുടിവെള്ളം നൽകുന്നതിനോട് യോജിക്കുന്നു.

'കോടതി വിധി സ്വാഗതാർഹം. ഫിയോക്കുമായി ആലോചിച്ച് നടപടി സ്വീകരിക്കും.'

വിശാഖ് സുബ്രഹ്മണ്യം

എം.ഡി, ന്യൂ തിയേറ്റർ,തിരുവനന്തപുരം