കരയാതെ പിറന്ന അഞ്ജലി ചിരിക്കുന്നത് 'തടവറ'യിൽ

Thursday 05 January 2023 4:01 AM IST

കാസർകോട് : മകളെ ജയിലിലെന്നപോലെ വീട്ടിൽ പൂട്ടിയിട്ടു സംരക്ഷിക്കേണ്ടിവരുന്ന രാജേശ്വരിയുടെ സങ്കടം പറഞ്ഞറിയിക്കാനാവില്ല. എരുതുംകടവ് -മാന്യ റോഡിലെ കല്ലക്കട്ട ഉജംങ്കോടുള്ള വീട്ടിനുള്ളിലെ ഇരുമ്പ് ഗ്രിൽ മറയുള്ള മുറിയിലാണ് ഒൻപതുവർഷമായി മകൾ അഞ്ജലിയുടെ ജീവിതം.

ആളെ കണ്ടാൽ അക്രമാസക്തയാകുമെന്നതാണ് എൻഡോസൾഫാൻ ദുരിതബാധിതയായ അഞ്ജലിയുടെ പ്രശ്നം. ഇപ്പോൾ 20 വയസ്സായ അഞ്ജലിക്ക് രണ്ടുവയസു വരെ കാര്യമായ കുഴപ്പങ്ങളുണ്ടായിരുന്നില്ല. ഓരോ വയസ് കൂടുമ്പോഴും സ്വഭാവത്തിൽ മാറ്റം സംഭവിച്ചുതുടങ്ങി. എല്ലാവരെയും ഉപദ്രവിക്കും. ചുമരിൽ തലയിടിക്കും. മുന്നിലുള്ളതെല്ലാം എറിഞ്ഞുടയ്ക്കും. നിയന്ത്രിക്കാൻ പറ്റാതായപ്പോൾ അമ്മ കണ്ടെത്തിയ ഉപാധിയാണ് വീട്ടിൽ ഒരുക്കിയ 'തടവറ".

ഭക്ഷണം നൽകാനും കുളിപ്പിക്കാനും മാത്രമാണ് പുറത്തിറക്കുന്നത്. 'ഇതിലും വലിയ സങ്കടം എനിക്ക് കിട്ടാനില്ല സാറെ, എന്റെ മോളല്ലേ കളയാൻ പറ്റുമോ.." രാജേശ്വരിയുടെ വാക്കുകളിൽ നിസഹായതയും സങ്കടവും മാത്രം.

കൂലിപ്പണിക്ക് പോയിരുന്ന രാജേശ്വരിക്ക് ഇപ്പോൾ അതിനും പറ്റുന്നില്ല. കുറേക്കാലം പെഷ്യൽ സ്കൂളിൽ ചേർത്തിരുന്നു. അടിപിടി സഹിക്കാൻ പറ്റാതായതോടെ തിരിച്ചു കൊണ്ടുവന്നു. അപസ്മാരം കൂടി ആയതോടെ പ്രശ്നം ഇരട്ടിച്ചു.

വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, എം.പി, ജില്ല കളക്ടർ, ആരോഗ്യവകുപ്പ്, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെ അഞ്ജലിയുടെ പ്രശ്നത്തിൽ ഇടപെടാത്തവരില്ല. തലയിടിച്ചു പരിക്കുപറ്റുന്നത് ഒഴിവാക്കാൻ ചുവരിൽ ബെഡ് ഒട്ടിച്ചു നൽകണമെന്ന രാജേശ്വരിയുടെ അപേക്ഷ കേട്ടിട്ട് പോയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പിന്നീടതുവഴി വന്നിട്ടില്ല. അഞ്ജലിയുടെ ദുരിതം അറിഞ്ഞ കാരുണ്യപ്രവർത്തകരും മാർത്തോമാ സ്കൂൾ അധികൃതരും സഹായം നൽകി. അതിൽ നിന്ന് പതിനായിരം രൂപ ചെലവാക്കി അമ്മ തന്നെ ചുമർ ബെഡ് ഫിറ്റ് ചെയ്തു.

സ്വന്തമായി വീടില്ലാത്ത രാജേശ്വരിയും മകളും സഹോദരന്റെ വീട്ടിലാണ് കഴിയുന്നത്. പ്രായമായ അമ്മയും ഒപ്പമുണ്ട്. ചെങ്കള പഞ്ചായത്തിലെ കോപ്പ റോഡിൽ സർക്കാർ മൂന്ന് സെന്റ് ഭൂമി നൽകിയിട്ട് ഏഴു വർഷമായി. ഓരോ വർഷവും വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകും. പക്ഷേ,​ അധികൃതരുടെ കണ്ണ് തുറന്നില്ല. ഇക്കൊല്ലമെങ്കിലും ലൈഫിൽ വീട് തരപ്പെടുമെന്നാണ് പ്രതീക്ഷ.

വിഷമഴ പെയ്ത നെച്ചിപ്പടുപ്പ്

ഹെലികോപ്ടറിൽ എൻഡോസൾഫാൻ തളിച്ച കാറഡുക്ക നെച്ചിപ്പടുപ്പ് മുണ്ടോളിലെ ബി.എം.ചന്ദ്ര 21 വർഷം മുമ്പാണ് രാജേശ്വരിയെ വിവാഹം കഴിച്ചത്. അഞ്ജലിയെ ഗർഭം ധരിച്ച രാജേശ്വരി ഏഴ് മാസവും ഭർതൃവീട്ടിലായിരുന്നു താമസം. പ്രസവിക്കാനാണ് ഉജംകൊട്ടെ വീട്ടിലേക്കു വന്നത്. കരയാതെ പിറന്നുവീണ കുഞ്ഞിന്റെ കഴുത്തിന് അന്ന് ബലം കുറവായിരുന്നു. പിന്നീട് അമ്മേ ...എന്ന് അവ്യക്തമായി വിളിച്ചു. സംസാരശേഷി കിട്ടുമെന്ന പ്രതീക്ഷയിൽ പല ആശുപത്രികളിലും കൊണ്ടുപോയെങ്കിലും പ്രയോജനമുണ്ടായില്ല. രണ്ടു വയസ് കഴിഞ്ഞപ്പോഴേക്കും ഭർത്താവ് രാജേശ്വരിയെയും മകളെയും ഉപേക്ഷിച്ചുപോയി.