മത്സരവേദിയിലേക്ക് എളുപ്പത്തിലെത്താം പൊലീസിന്റെ അസിസ്റ്റന്റ് ചാറ്റ് ബോട്ട് സർവീസിലൂടെ

Thursday 05 January 2023 12:06 AM IST
cyber

കോഴിക്കോട്: കേരള സ്‌കൂൾ കലോത്സവം ആസ്വദിക്കാനെത്തുന്നവർക്ക് മത്സരങ്ങൾ നടക്കുന്ന വേദിയിലേക്ക് വളരെ എളുപ്പത്തിൽ വഴി തെറ്റാതെ എത്തിക്കാൻ സിറ്റി സൈബർ സെല്ലും കോഴിക്കോട് സൈബർ ഡോമും ചേർന്ന് വികസിപ്പിച്ച കേരള പൊലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സർവീസ് ജനങ്ങൾക്കായി സമർപ്പിച്ചു. നിലവിൽ സിറ്റി പൊലീസ് വികസിപ്പിച്ച ക്യൂ ആർ കോഡ് സംവിധാനം ഉപയോഗിച്ചാണ് ജനങ്ങൾ വേദികൾ കണ്ടെത്തുന്നത്. ക്യൂ ആർ കോഡ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ കേരള പൊലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സർവീസ് ഉപയോഗിച്ചും വേദികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വളരെ എളുപ്പത്തിൽ അറിയാൻ ജനങ്ങളെ സഹായിക്കും .

ഫോണിലെ ഗൂഗിൾ അസിസ്റ്റന്റിൽ ടാപ്പ് ചെയ്ത് ആദ്യം ' ടോക്ക് ടു കേരള പൊലീസ് എന്നും, പിന്നെ 'യൂത്ത് ഫെസ്റ്റിവൽ എന്നും പറയുക. നമ്പർ അടിസ്ഥാനത്തിൽ സ്‌കൂളിന്റെ പേരോട് കൂടി വേദികൾ, ഫുഡ് കോർട്ട്, ഫുഡ് കോർട്ട് പാർക്കിംഗ്, രജിസ്‌ട്രേഷൻ കൗണ്ടർ എന്നിവ ഉൾപ്പെടുന്ന ഒരു ലിസ്റ്റ് ഫോണിൽ ദൃശ്യമാകും. നിങ്ങൾക്ക് പോവേണ്ട വേദി ഏത് നമ്പർ / സ്‌കൂൾ ഏതാണോ ആ പേരിനു നേരെ ടച്ച്/ ക്ലിക്ക് ചെയ്യുമ്പോൾ മറ്റൊരു മാപ് വിൻഡോ ഫോണിൽ ഓപ്പൺ ആവുകയും അതിൽ വേദി എവിടെയാണെന്ന് കാണിച്ചുതരികയും ചെയ്യുന്നു. കൂടാതെ ഫൈന്റ്നിയറസ്റ്റ് സ്റ്റേജിൽ ടാപ്പ് ചെയുമ്പോൾ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള വേദി നിങ്ങൾക്കു കാണിച്ചു തരുന്നു. ലൈവ് മാപ് ആയതുകൊണ്ട് നമ്മൾ നിൽക്കുന്ന സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് വേദിയുള്ളതെന്നും നമുക്ക് ഏത് വഴി ട്രാഫിക് തടസമില്ലാതെ വളരെ എളുപ്പത്തിൽ വേദിയിലേക്ക് എത്താനുള്ള വഴി കാണിച്ചുതരികയും ചെയ്യുന്നു.