റിട്ട. ഉദ്യോഗസ്ഥയെ അടിച്ചുവീഴ്ത്തി 10 പവന്റെ ആഭരണങ്ങൾ കവർന്നു

Thursday 05 January 2023 12:11 AM IST
മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ശാന്തി

തിരുവല്ല : വീടിനുള്ളിൽ കടന്ന മോഷ്ടാവ് റിട്ട. ഉദ്യോഗസ്ഥയെ അടിച്ചു വീഴ്ത്തി 10 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. വാട്ടർ അതോറിറ്റി റിട്ട.സൂപ്രണ്ട് തിരുവല്ല നഗരസഭയിലെ മന്നംകരച്ചിറ ലക്ഷ്മി വിലാസത്തിൽ ശാന്തി (57) യുടെ ആഭരണങ്ങളാണ് കവർന്നത്. ഇന്നലെ പുലർച്ചെ നാലിനാണ് സംഭവം. വീടിനുള്ളിൽ ആളനക്കം ശ്രദ്ധയിൽപ്പെട്ട് ഹാളിലെത്തിയ ശാന്തിയെ മുഖത്തടിച്ചു വീഴ്ത്തിയശേഷം കഴുത്തിൽ കുത്തിപ്പിടിച്ച് ആറ് പവന്റെ മാലയും കൈകളിലെ രണ്ട് വളകളും കാതിലെ ഒരു കമ്മലും കൈക്കലാക്കിയ ശേഷം മോഷ്ടാവ് കടന്നുകളയുകയായിരുന്നു. ഹോമിയോ ഡോക്ടറായിരുന്ന ഭർത്താവ് ഡോ.സുരേഷ് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടതാണ്. മകൾ ഉമാ മഹേശ്വരി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബി.കോം വിദ്യാർത്ഥിനിയാണ്. ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയ മകൾ ചൊവ്വാഴ്ചയാണ് തിരികെപോയത്. സംഭവസമയത്ത് ശാന്തി വീട്ടിൽ തനിച്ചായിരുന്നു. അക്രമി പോയശേഷം ശാന്തി ബന്ധുക്കളെ ഫോണിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി ദേഹമാസകലം പരിക്കേറ്റ ശാന്തിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി വീട്ടിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.