കെ.എസ്.ആർ.ടി.സി ഗവി ടൂർ പാക്കേജ് സർവീസ്: കാടുകണ്ട് നാട്, നേടി 18 ലക്ഷം

Thursday 05 January 2023 12:59 AM IST

പത്തനംതിട്ട : ഗവി കെ.എസ്.ആർ.ടി.സി ടൂറിസം സർവീസിന് വരുമാനത്തിൽ വൻ നേട്ടം. കഴിഞ്ഞ ഡിസംബർ ഒന്നിന് ആരംഭിച്ച സർവീസുകൾ ഒരുമാസം പിന്നിട്ടപ്പോൾ 18ലക്ഷം രൂപ കളക്ഷൻ നേടി. ശനിയാഴ്ച 100 ട്രിപ്പുകൾ പൂർത്തിയാകും. അപ്പോഴേക്കും വരുമാനം 22 ലക്ഷം എത്തുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ പ്രതീക്ഷ. നൂറ് ട്രിപ്പുകൾ പൂർത്തിയാകുന്ന ശനിയാഴ്ച പത്തനംതിട്ട ഡിപ്പോയിൽ മധുരവിതരണം നടത്തും. മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാരുമായി രാവിലെ 5.30, 6.30, 7.30 സമയങ്ങളിലാണ് ഗവി ടൂർ പാക്കേജ് സർവീസുകൾ. പത്തനംതിട്ടയിൽ നിന്ന് ഗവി, പാഞ്ചാലിമേട്, മുണ്ടക്കയം, റാന്നി വഴി രാത്രി എട്ടരയ്ക്ക് മുൻപായി സർവീസുകൾ പത്തനംതിട്ടയിൽ തിരിച്ചെത്തും.

പത്തനംതിട്ട - ആങ്ങമൂഴി കഴിഞ്ഞാൽ ഉൾക്കാടുകളിലൂടെ സഞ്ചരിക്കുന്ന ബസുകൾ മൂന്നും എപ്പോഴും രണ്ട് കിലോമീറ്ററുകൾക്കുള്ളിലുണ്ടാകും.

തകരാറിലായത് സർവീസ് ബസ്

കഴിഞ്ഞ ദിവസം ഗവിയിൽ തകരാറിലായത് ടൂർ പാക്കേജ് ബസ് അല്ലെന്നും സ്ഥിരമായുള്ള പത്തനംതിട്ട - ഗവി - കുമളി സർവീസ് ബസാണെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ഡീസൽ പൈപ്പ് ബ്ളോക്കായതാണ് ബസ് സ്റ്റാർട്ടാകാതിരിക്കാൻ കാരണം. കുമളിയിൽ നിന്ന് തിരിച്ച് ഗവി വഴി പത്തനംതിട്ടയിലേക്ക് മടങ്ങിയ ബസാണ് ആനത്തോടിന് രണ്ട് കിലോമീറ്റർ അകലെ വൈകിട്ട് നാല് മണിയോടെ തകരാറിലായത്. നാല് കുട്ടികളുൾപ്പെടെ 28 യാത്രക്കാർ ബസിലുണ്ടായിരുന്നു. രാത്രി പത്ത് മണിയോടെ മൂഴിയാറിൽ നിന്ന് എത്തിയ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിലാണ് ഗവി യാത്രക്കാർ പത്തനംതിട്ടയിലെത്തിയത്.

ബസ് പുറപ്പെടുന്നത് : ദിവസവും രാവിലെ - 5.30, 6.30, 7.30

'' തകരാർ സംഭവിക്കാതിരിക്കാൻ സൂക്ഷ്മമായ സാങ്കേതിക പരിശോധനകൾക്ക് ശേഷമാണ് ബസുകൾ ഗവി സർവീസിന് അയയ്ക്കുന്നത്. സർവീസുകൾ നടത്തുന്ന ബസുകളിൽ ടൂർ കോർഡിനേറ്റർമാരുണ്ടാകും. യാത്രാവഴികളിൽ ഏതെങ്കിലും ബസിന് സാങ്കേതിക തകരാറുണ്ടായാൽ അടുത്ത ബസിനെ ആശ്രയിക്കാവുന്ന രീതിയിലാണ് ടൂർ പാക്കേജ്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകും.

തോമസ് മാത്യു,

പത്തനംതിട്ട ഡി.ടി.ഒ

Advertisement
Advertisement