തുമ്പയിൽ ഗോവയുടെ തിരിച്ചടി

Wednesday 04 January 2023 10:11 PM IST

കേരളം 265ന് പുറത്ത്,ഗോവ 200/5

അർജുൻ ടെൻഡുൽക്കർക്ക് രണ്ട് വിക്കറ്റ്

തിരുവനന്തപുരം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജിട്രോഫി മതസരത്തിൽ കേരളത്തിനെതിരെ ഗോവയുടെ ശക്തമായ തിരിച്ചുവരവ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യ ദിനം 247/5 എന്ന നിലയിലായിരുന്നു. എന്നാൽ രണ്ടാം ദിനമായ ഇന്നലെ രാവിലെ കേരളത്തെ 265 റൺസിൽ ആൾഒൗട്ടാക്കിയ ഗോവ കളിനിറുത്തുമ്പോൾ 200/5 എന്ന നിലയിലേക്ക് എത്തി.

രണ്ടാം ദിനം രാവിലെ ന്യൂബാൾ എടുത്ത ഗോവ വെറും 18 റൺസിനിടെയാണ് അഞ്ച് കേരളവിക്കറ്റുകൾ പിഴുതെടുത്തത്.ഇന്നലത്തെ ആദ്യ പന്തിൽത്തന്നെ ലക്ഷ്യയ് ഗാർഗ് രോഹൻ പ്രേമിനെ (112) പുറത്താക്കിയതോടെയാണ് കളിമാറിയത്. തുടർന്ന് ജലജ് സക്സേന(12),ബേസിൽതമ്പി(1) , വെെശാഖ് ചന്ദ്രൻ (0), സിജോമോൻ ജോസഫ് (7) എന്നിവരും പുറത്തായി. ഗോവയ്ക്ക് വേണ്ടികളിക്കുന്ന സച്ചിൻടെൻഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കർ രണ്ട് വിക്കറ്റ് വീഴ്ത്തി. ബേസിലിനെയും സിജോമോനെയുമാണ്അർജുൻ പുറത്താക്കിയത്.

തുടർന്ന് ബാറ്റിംഗിനെത്തിയ ഗോവയ്ക്ക് വേണ്ടി 76 റൺസുമായി ഇഷാൻ ഗഡേക്കർ പൊരുതിനിന്നു. അമോഘ് ദേശായ്(29),സുയാഷ്(3),സനേഹൽ (7),എസ്.ഡി ലാഡ്(35) , ഏക്നാഥ് (6)എന്നിവരാണ് പുറത്തായത്. 37റൺസുമായി ക്യാപ്ടൻ ദർശൻ മിശാലാണ് കളിനിറുത്തുമ്പോൾ ഗഡേക്കറിന് കൂട്ട്. സിജോമോൻ മൂന്ന് വിക്കറ്റും വൈശാഖും ജലജും ഓരോ വിക്കറ്റും വീഴ്ത്തി.

Advertisement
Advertisement