ആഴ്സനലിന് സമനില, കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ

Wednesday 04 January 2023 10:14 PM IST

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ഒന്നാം സ്ഥാനക്കാരായ ആഴ്‌സനലിനെ ന്യൂകാസിൽ യുണൈറ്റഡ് ഗോൾ രഹിതസമനിലയിൽ തളച്ചപ്പോൾ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. ബൗൺമത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ തകർത്തത്.

സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ യുണൈറ്റഡിനായി മധ്യനിരതാരം കാസെമിറോ, പ്രതിരോധതാരം ലൂക്ക് ഷോ, സൂപ്പർതാരം മാർക്കസ് റാഷ്‌ഫോർഡ് എന്നിവർ വലകുലുക്കി.

ഒട്ടേറെ മാറ്റങ്ങളുമായാണ് യുണൈറ്റഡിനെ പരിശീലകൻ എറിക് ടെൻ ഹാഗ് കളത്തിലിറക്കിയത്. ഡോണി വാൻ ബീക്ക്, വിക്ടർ ലിൻഡലോഫ്, ഹാരി മഗ്വയർ തുടങ്ങിയ താരങ്ങൾ ആദ്യ ഇലവനിൽ ഇടം നേടി. 23-ാം മിനിട്ടിൽ കാസെമിറോയാണ് ആദ്യം വലകുലുക്കിയത്. 49-ാം മിനിട്ടിൽ ലൂക്ക് ഷോയും 86-ാം മിനിട്ടിൽ റാഷ്‌ഫോഡും ഗോളടിച്ചു. ഓൾഡ് ട്രാഫോഡിൽ യുണൈറ്റഡിന്റെ തുടർച്ചയായ ആറാം വിജയമാണിത്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങളിൽ നിന്ന് 11 വിജയവും രണ്ട് സമനിലയും നാല് തോൽവിയുമടക്കം 35 പോയിന്റാണ് ടീമിനുള്ളത്. ന്യൂകാസിലിനോട് ഗോൾരഹിത സമനിലയിൽ തളയ്ക്കപ്പൊെങ്കിലും ആഴ്‌സനൽ 17 മത്സരങ്ങളിൽ നിന്ന് 44 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സീസണിൽ ആഴ്‌സനൽ വഴങ്ങുന്ന രണ്ടാമത്തെ മാത്രം സമനിലയാണിത്. ന്യൂകാസിൽ 18 മത്സരങ്ങളിൽ നിന്ന് 35 പോയന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. മറ്റ് മത്സരങ്ങളിൽ ബ്രൈട്ടൺ ഒന്നിനെതിരേ നാലു ഗോളുകൾക്ക് എവർട്ടണെ തകർത്തപ്പോൾ ഫുൾഹാം എതിരില്ലാത്ത ഒരു ഗോളിന് ലെസ്റ്ററിനെ മറികടന്നു.