ഗവർണറുടെ നയപ്രഖ്യാപനം 20നോ 23നോ

Thursday 05 January 2023 12:29 AM IST

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ പുതുവർഷത്തെ നിയമസഭാ സമ്മേളനം ഈ മാസം 20നോ 23നോ ആരംഭിക്കാൻ ആലോചന. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ തീരുമാനമായേക്കും.

20ന് സഭ ചേർന്ന് നയപ്രഖ്യാപനം അവതരിപ്പിച്ചാൽ 23 മുതൽ 25വരെ നന്ദിപ്രമേയ ചർച്ച പാസാക്കി സമ്മേളനം താൽക്കാലികമായി നിറുത്തിവയ്ക്കും. ഫെബ്രുവരി മൂന്നിന് പുനരാരംഭിച്ച് ബഡ്ജറ്റവതരിപ്പിക്കുകയും , ആറ് മുതൽ എട്ട് വരെ അതിന്മേലുള്ള പൊതുചർച്ച പൂർത്തിയാക്കി പിരിയുകയുമാണ് സർക്കാർ ആലോചിക്കുന്ന ഒരു വഴി. 23ന് നയപ്രഖ്യാപനം നടത്തിയാൽ, നന്ദിപ്രമേയ ചർച്ച രണ്ട് ദിവസമാക്കി ചുരുക്കും.

20ന് സി.ഐ.ടി.യു ദേശീയ സമ്മേളനം ഹൈദരബാദിൽ നടക്കുന്നതിനാൽ സംഘടനാഭാരവാഹികളായ എം.എൽ.എമാർക്ക് സഭാസമ്മേളനത്തിനെത്താനാവാതെ വരും. അതുകൊണ്ടാണ് 23ന്റെ സാദ്ധ്യതയും ആലോചിക്കുന്നത്. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം 30ന് കാശ്മീരിൽ നടക്കുന്നതിനാൽ പ്രതിപക്ഷാംഗങ്ങൾക്ക് അങ്ങോട്ട് പോകണം. സമ്പൂർണ ബഡ്ജറ്റ് മാർച്ച് 31ന് മുമ്പ് പാസാക്കാനാണാലോചിക്കുന്നത്. അങ്ങനെയെങ്കിൽ പുതിയ ബഡ്ജറ്റനുസരിച്ചുള്ള ധനവിനിയോഗം ഏപ്രിൽ ഒന്നിന് ആരംഭിക്കാനാവും.