അനധികൃത സ്വത്തെന്ന് ആരോപണം : സി.പി.എെ ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം

Thursday 05 January 2023 12:32 AM IST

പത്തനംതിട്ട : സി.പി.എെ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെ തുടർന്ന് പാർട്ടി തലത്തിൽ അന്വേഷണം തുടങ്ങി. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും എ.എെ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാർട്ടി സംസ്ഥാന കൗൺസിലിന് എ.പി.ജയനെതിരെ പരാതി നൽകിയത്. ആറ് കോടി ചെലവിൽ എ.പി.ജയന്റെ അടൂർ പള്ളിക്കലിലെ വീടിന് ഒരു കിലോമീറ്ററിനടുത്ത് പന്നിവേലിക്കലിൽ പശു ഫാം സ്ഥാപിച്ചതായാണ് ആരോപണം. ഫാമിന്റെ ഉടമ എ.പി.ജയൻ ആണെന്ന് തെളിയിക്കുന്ന രേഖകളും പാർട്ടിക്ക് സമർപ്പിച്ചു. ഇതേ തുടർന്ന് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.അഷറഫിനെ അന്വേഷണ കമ്മിഷനായി നിയോഗിച്ചു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പാർട്ടി നിർദേശിച്ചിരിക്കുന്നത്. അടുത്ത സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചർച്ച ചെയ്യും. കഴി​ഞ്ഞ ജി​ല്ലാ സമ്മേളനത്തി​ൽ ശ്രീനാദേവി​യെ പ്രതി​നി​ധി​യായി​ പോലും ഉൾപ്പെടുത്തി​യി​രുന്നി​ല്ല. ഇതേ തുടർന്ന് പാർട്ടി​ൽ നി​ലനി​ൽക്കുന്ന അസ്വാരസ്യമാണ് പരാതിക്ക് പി​ന്നി​ൽ എന്നറി​യുന്നു.

എ.പി.ജയൻ പറയുന്നത്:

തൊഴുത്തുകൾ നിർമ്മിച്ച് പശു ഫാം തുടങ്ങിയത് തെറ്റാണോ?. കൃഷിയെയും പശുവളർത്തലിനെയും പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നയം. പശു ഫാമിന് പണം ചെലവാക്കിയത് വിദേശത്തുള്ള മരുമകനാണ്. എന്റെ വീടിന് സമീപത്തായതിനാൽ എന്റെ പേരിൽ രജിസ്റ്റർ ചെയ്തു. ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടുമുണ്ട്. മേലൂട് ക്ഷീരോൽപ്പാദക സംഘം പ്രസിഡന്റ് കൂടിയാണ്. പാൽ സംഘത്തിൽ നൽകുന്നുണ്ട്. സഹോദരനിൽ നിന്ന് ലഭിച്ച സ്ഥലത്താണ് ഫാം തുടങ്ങിയത്. ഫാമിലെ നിക്ഷേപം ഏറിയാൽ അൻപത് ലക്ഷത്തോളമേ വരികയുള്ളൂ. ഇതേ ആരോപണം ജില്ലാ സമ്മേളന സമയത്തും ഉയർന്നതാണ്. കഴമ്പില്ലെന്ന് കണ്ട് തള്ളിയിരുന്നു.