ആവേശം വിതറി രണ്ടാംനാൾ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

Thursday 05 January 2023 12:36 AM IST
ഒന്നാം വേദിയിലെ തിരക്ക്

കോഴിക്കോട്: ''ജ്ജ് പെട്ടന്നൊന്നു വാ പാത്തൂ.... വേദി നെറഞ്ഞിട്ടുണ്ടാകും ഞമ്മക്ക് മര്യായ്ക്ക് മൊഞ്ചത്തിക്കുട്ട്യേളെ കാണാൻ പറ്റൂല''. പ്രധാന വേദിയായ അതിരാണിപ്പാടത്തേക്കുള്ള ഓട്ടത്തിൽ പാത്തുവിനോട് ആയിശ കയർത്തു. പ്രേക്ഷകരുടെ ഇഷ്ടമത്സരങ്ങളോടെയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാംദിനം. പ്രധാന വേദിയായ അതിരാണിപ്പാടത്ത് സൂചികുത്താൻ ഇടമില്ലായിരുന്നു. ജനപ്രിയ ഇനമായ ഒപ്പനയും നാടോടിനൃത്തവും വേദിയിൽ അരങ്ങേറുന്നുണ്ടെന്നറിഞ്ഞ് ആയിരങ്ങളാണ് വേദിയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ കൃത്യം 9 മണിക്ക് തന്നെ ഹയർസെക്കൻഡറി ആൺകുട്ടികളുടെ നാടോടിനൃത്തം അതിരാണിപ്പാടത്ത് അരങ്ങേറിയിരുന്നു. ഉച്ചയ്ക്ക് രണ്ടിനായിരുന്നു തോഴിമാർ ആടിപ്പാടി ഇശലുകൾ പെയ്തിറങ്ങിയ ഒപ്പന. പുള്ളികളുള്ള കളർതുണിയും തട്ടവുമണിഞ്ഞ് അരഞ്ഞാണവും കൈകളിൽ കുപ്പിവളയും കാതിൽ വൈരക്കാതിലയും അണിഞ്ഞ് കഴിഞ്ഞു. ലാസ്യഭാവത്തോടെ കെെകൊട്ടിപ്പാടി പെൺകുട്ടികൾ ഒപ്പന മത്സരം അരങ്ങുതകർത്തു. മലയാളിയുടെ സന്തോഷത്തിന്റെ പ്രതീകമായി മാറിക്കൊണ്ടിരിക്കുന്ന സന്തോഷ സെൽഫികൾ ഒപ്പന വേദിയെയും കീഴടക്കിയിരുന്നു. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം സന്തോഷ സെൽഫികൾ മാത്രം.

തങ്ങളുടെ വേഷപ്പകർച്ച കുടുംബാംഗങ്ങളുമായി സെൽഫിയെടുത്ത് പങ്കുവയ്ക്കുന്ന ശ്രമത്തിലാണ് മത്സരാർത്ഥികൾ. സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റുകൾ, ജൂനിയർ റെഡ് ക്രോസ് വളന്റിയർമാർ, കാണികൾ,ഹരിതസേന തുടങ്ങി എവിടെയും സന്തോഷ സെൽഫികളാണ്.

മിമിക്രി വേദിയിൽ ഹെെസ്കൂൾ വിദ്യാർത്ഥികൾ കത്തിക്കസറുകയാണ്. ഗണപത് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മിമിക്രി മത്സരം കാണികൾക്ക് ആവേശമായി. തുടക്കത്തിൽ കാലാകാലങ്ങളായി പിന്തുടർന്ന് വരുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളും ,പക്ഷിമൃഗാദികളും,വെടിക്കെട്ടും, കാണികൾക്ക് വിരസത പകർന്നെങ്കിലും പിന്നീടങ്ങോട്ട് വിദ്യാർത്ഥികളുടെ വെെവിദ്ധ്യമാർന്ന പ്രകടനങ്ങൾ കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തുകയായിരുന്നു. നരബലിയും ചലച്ചിത്ര താരങ്ങളുടെ ശബ്ദങ്ങളും വിദ്യാർത്ഥികൾ അനുകരിച്ചു. കെെയ്യടിച്ചും ആർപ്പുവിളിച്ചും കാണികൾ വിദ്യാർത്ഥികൾക്ക് പ്രചോദനമായി. മിമിക്രി വേദിയിലെത്തിയ ചലച്ചിത്രതാരവും മിമിക്രി ആർട്ടിസ്റ്റുമായ സൂരജ് കാണികളിൽ ആവേശം പകർന്നു.

തളി സാമൂതിരി സ്കൂളിൽ അരങ്ങേറിയ നാടകം കാണാനും നിരവധി പേരാണ് എത്തിയത്. പാലക്കാട് ജി.എച്ച്.എസ്.എസ് സ്കൂൾ വാടാനംകുറിശ്ശിയുടെ 'ചാവുചരിതം' നാടകത്തോടെയാണ് തുടക്കംകുറിച്ചത്. തൂങ്ങിമരണത്തിന്റെയും സുന്ദരിയുടെയും കഥയിൽ തുടങ്ങി ഡയറീസ്, പയസ്,ഈപ്പസ് പോളിമസ് തുടങ്ങിയ കഥാപാത്രങ്ങളും നാടകത്തിൽ അഭിനേതാക്കളായി കടന്നുവന്നു. മാത്രമല്ല മോഹിനിയാട്ടം വേദിയിലും, പൂരക്കളി വേദിയിലും ഭരതനാട്യം, ചവിട്ടുനാടകം, ചാക്യാർകൂത്ത് വേദിയിലേക്കും ആളുകൾ ഒഴുകി.