സജി രാജിവയ്‌ക്കേണ്ടിവരും, ബി.ജെ.പി പോരാട്ടം ശക്തമാക്കും: ജാവദേക്കർ

Thursday 05 January 2023 1:38 AM IST

തിരുവനന്തപുരം: ഭരണഘടനയിൽ സി.പി.എം വിശ്വസിക്കുന്നില്ലെന്നതിന് തെളിവാണ് ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന് വീണ്ടും നൽകിയ മന്ത്രിസ്ഥാനമെന്നും സജി രാജിവയ്‌ക്കേണ്ടിവരുമെന്നും മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ എം.പി പറഞ്ഞു.

സജിചെറിയാനെ മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് പാളയം രക്തസാക്ഷിമണ്ഡപത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധിക്ഷേപം മാദ്ധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. ഭരണഘടനാ ശില്പിയായ അംബേദ്ക്കറെയും സജി അപമാനിച്ചു. എന്നിട്ടും നിരപരാധിയെന്ന ക്ലീൻ ചിറ്റ് നൽകിയ പൊലീസിന് തെളിവ് നൽകാൻ ബി.ജെ.പി തയ്യാറാണെന്നും സജിയുടെ രാജിക്കായി പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സജിചെറിയാനെ മന്ത്രിയാക്കുന്നതിലൂടെ ഭരണഘടനയെ അംഗീകരിക്കില്ലെന്ന് പിണറായി വിജയൻ പരസ്യമായി പ്രഖ്യാപിക്കുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ഒ.രാജഗോപാൽ, കെ.രാമൻപിള്ള, അഡ്വ.പി.സുധീർ, സി.ശിവൻകുട്ടി, പ്രൊഫ.വി.ടി.രമ, കരമന ജയൻ, എസ്.സുരേഷ്, അഡ്വ.വി.വി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement