കരിപ്പൂരിൽ 63 ലക്ഷം രൂപയുടെ സ്വർണ്ണം പൊലീസ് പിടികൂടി

Thursday 05 January 2023 11:41 PM IST

മലപ്പുറം: ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 63 ലക്ഷം രൂപയുടെ സ്വർണ്ണവുമായി ഒരു യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് സ്വദേശി മുഹമ്മദ് മുനീസിനെയാണ് (32) 1.162 കിലോഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് പിടികൂടിയത്. സ്വർണ്ണം മിശ്രിതരൂപത്തിൽ നാല് ക്യാപ്‌സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുനീഷിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ മുനീസ് സ്വർണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചു. ലഗ്ഗേജുകൾ വിശദമായി പരിശോധിച്ചിട്ടും സ്വർണ്ണം കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിന് വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.