നീരസം അലിയിച്ച് കാശ്മീരി ചായപ്പൊടി

Thursday 05 January 2023 12:42 AM IST

തിരുവനന്തപുരം: സജി ചെറിയാൻ വീണ്ടും മന്ത്രിയാവുന്ന സത്യപ്രതിജ്ഞാ ചടങ്ങിനായി അഞ്ചുമിനിറ്റോളം അടുത്തടുത്ത കസേരകളിൽ ഇരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ലെങ്കിലും പിന്നീട് ഇരുവരും സഗൗരവം സംസാരിച്ചത് പല അഭ്യൂഹങ്ങൾക്കും വഴിമരുന്നിട്ടു. സജി ചെറിയാന്റെ കേസുമായി ബന്ധപ്പെട്ട രേഖകൾ ഇന്ന് എത്തിക്കാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകിയതാണെന്ന തരത്തിലാണ് വാർത്തകൾ വന്നത്. ഇതോടെ രാജ്ഭവൻ വിശദീകരണ കുറിപ്പിറക്കി.

കഴിഞ്ഞ ദിവസം കാശ്മീർ സന്ദർശനം കഴിഞ്ഞെത്തിയ ഗവർണർ അവിടത്തെ കുങ്കുമപ്പൂവ് ചേർത്ത ചായപ്പൊടിയും കാശ്മീരി ബ്രഡും വീട്ടിലേക്ക് കൊടുത്തുവിടുമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞതാണെന്ന് രാജ്ഭവൻ വ്യക്തമാക്കി. `നാളെ' എന്ന് ഗവർണർ പറയുന്നത് പുറത്തു കേട്ടിരുന്നു. ഉടനടി മൈക്ക് ഓഫ് ചെയ്തതിനാൽ പിന്നീടുള്ള സംഭാഷണം മറ്റാരും കേട്ടില്ല. തിരിച്ച് മുഖ്യമന്ത്രി നന്ദി പറയുന്നത് അടുത്തു നിന്നവർ കേട്ടിരുന്നു. തൊട്ടു മുമ്പുവരെയുള്ള ഇരുവരുടെയും പെരുമാറ്റമാണ് അഭ്യൂഹങ്ങൾക്ക് ചൂ‌ട് പകർന്നത്.

. ഗവർണർ വേദിയിലെത്തിയപ്പോൾ മുഖ്യമന്ത്രി കൈകൂപ്പിയപ്പോൾ ഗവർണർ തിരിച്ചും കൈകൂപ്പി. പക്ഷേ, മുഖത്തേക്ക് നോക്കിയില്ല. പ്രതിജ്ഞയ്ക്ക് ശേഷം സജിചെറിയാന് ബൊക്കെ നൽകാൻ മുഖ്യമന്ത്രി എഴുന്നേറ്റപ്പോഴും ഗവർണർ മുഖ്യമന്ത്രിയുടെ മുഖത്തേക്ക് നോക്കിയില്ല.

എന്നാൽ, ചടങ്ങു കഴിഞ്ഞ് എഴുന്നേറ്റുനിൽക്കുകയായിരുന്ന മുഖ്യമന്ത്രിയുടെ അടുത്തേക്ക് അപ്രതീക്ഷിതമായി ചെന്ന് ഗവർണർ സംസാരിക്കുകയായിരുന്നു.

ഈ സമയം ചീഫ്സെക്രട്ടറി വി.പി.ജോയ്, ഗവർണറുടെ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത്ത്, സജി ചെറിയാൻ, ഗവർണറുടെ എ.ഡി.സി അരുൾ ബി കൃഷ്ണ എന്നിവർ വേദിയിലുണ്ടായിരുന്നു.

നയപ്രഖ്യാപനത്തിൽ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയതാണെന്നും അതല്ല, നിയമസഭ പാസാക്കിയ വിവാദമില്ലാത്ത ബില്ലുകൾ നാളെത്തന്നെ ഒപ്പിട്ട് നൽകാമെന്നു പറഞ്ഞതാണെന്നും അഭ്യൂഹമുണ്ടായി. അതിനാണ് മുഖ്യമന്ത്രി നന്ദി പറഞ്ഞതെന്നും വ്യാഖ്യാനമുണ്ടായി.പിന്നാലെയാണ് കാശ്മീരി ചായപ്പൊടിയുടെ വിവരം പുറത്തുവന്നത്.