കേന്ദ്ര അനുമതി കാത്ത് സിവിൽ സപ്ലൈസ്: പ്ലേറ്റിൽ ഫോർട്ടിഫൈഡ് അരി വിളമ്പാം
സ്വന്തം ലേഖകൻ മലപ്പുറം: റേഷൻ കടകളിൽ നേരിടുന്ന പുഴുക്കലരിയുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ ഫോർട്ടിഫൈഡ് അരിയുടെ വിതരണത്തിന് അനുമതി തേടി സിവിൽ സപ്ലൈസ് വകുപ്പ്. കൃത്രിമമായ പോഷകഘടകങ്ങൾ ചേർത്ത് സമ്പുഷ്ടമാക്കിയ ഫോർട്ടിഫൈഡ് റൈസ് നിലവിൽ വയനാട്ടിലും ഇടുക്കിയിലും പുഴുക്കലരിയിൽ ഇടകലർത്തി വിതരണം ചെയ്യുന്നുണ്ട്. മറ്റ് ജില്ലകളിൽ ഫോർട്ടിഫൈഡ് അരി വിതരണത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ല. ഇത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ സിവിൽ സപ്ലൈസ് അധികൃതർ. ഇങ്ങനെയെങ്കിൽ ജില്ലയിൽ പുഴുക്കലരിയുടെ ആവശ്യകത കുറച്ചെങ്കിലും പരിഹരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ജില്ലയിലേക്കുള്ള റേഷൻ അരി കൊണ്ടുവരുന്ന കുറ്റിപ്പുറം, അങ്ങാടിപ്പുറം, കോഴിക്കോട് വെസ്റ്റ് ഹിൽ എഫ്.സി.ഐകളിലൊന്നും പുഴുക്കലരി സ്റ്റോക്ക് ഇല്ലാത്തതിനാൽ റേഷൻ കടകൾ വഴി ഇനിയും പച്ചരിയോ മട്ടയരിയോ തന്നെ വാങ്ങിക്കേണ്ടി വരും. ജില്ലയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് പുഴുക്കലരിക്കാണ്. സംസ്ഥാനത്തിനുള്ള പുഴുക്കലരിയുടെ വിഹിതം ഇതിനകം തന്നെ തന്നിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. അടുത്ത സാമ്പത്തിക വർഷത്തിലേ കേരളത്തിന് പുഴുക്കലരി അനുവദിക്കാൻ സാദ്ധ്യതയുള്ളൂ എന്നാണ് വിവരം.
പോഷകസമ്പുഷ്ടം ഈ അരി
ഡിസംബറിലെ റേഷൻ അരി ജനുവരി അഞ്ച് വരെ വാങ്ങിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ജനുവരി രണ്ടിന് തന്നെ ഇത് അവസാനിപ്പിച്ചു. നിരവധി പേർക്കാണ് ഇതുമൂലം റേഷൻ ലഭിക്കാതിരുന്നത്. ഈമാസം റേഷൻ വിതരണം നീട്ടാൻ സാദ്ധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു. ജനുവരി 31നകം റേഷൻ വാങ്ങിയില്ലെങ്കിൽ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്.
അരി വാങ്ങിക്കാൻ വൈകേണ്ട
കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാൻ അരി പോളിഷ് ചെയ്യുമ്പോൾ തവിട് നഷ്ടപ്പെട്ട് പോഷകഗുണങ്ങൾ കുറയും. ഇത് പരിഹരിക്കാൻ അരിയിൽ കൃത്രിമമായ പോഷകഘടകങ്ങൾ ചേർത്താണ് ഫോർട്ടിഫൈഡ് അരി തയ്യാറാക്കുന്നത്. ഒരുകിലോഗ്രാം അരിയിൽ പത്ത് ഗ്രാം ഫോർട്ടിഫൈഡ് അരിയാണ് ചേർക്കേണ്ടതെന്നാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യ നിഷ്കർഷിക്കുന്നത്. പോഷകക്കുറവ് മൂലമുള്ള രക്തക്കുറവ്, വിളർച്ച, ഇതുവഴിയുള്ള മറ്റ് രോഗങ്ങൾ എന്നിവ ഫോർട്ടിഫൈഡ് അരിയിലൂടെ തടയാനാവും.
ഫോർട്ടിഫൈഡ് അരി റേഷൻ കടകൾ വഴി വിതരണത്തിനുള്ള അനുമതി ലഭിക്കാൻ സാദ്ധ്യതയുണ്ട്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതോടെ എഫ്.സി.ഐകളിൽ നിന്ന് ഫോർട്ടിഫൈഡ് അരി ശേഖരിക്കും.
ജില്ലാ ഓഫീസർ, സിവിൽ സപ്ലൈസ് വകുപ്പ്