പഞ്ചായത്ത് ഓഫീസിൽ എത്താൻ വൈകുന്നു: ഉദ്യോഗസ്ഥരെ തടഞ്ഞ് പഞ്ചായത്തംഗം

Thursday 05 January 2023 12:04 AM IST
ചന്ദ്രബാബു

അഞ്ചൽ: രാവിലെ പത്ത് മണി കഴിഞ്ഞിട്ടും സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ പഞ്ചായത്ത് ഓഫീസിൽ ജോലിക്കെത്താത്തതിൽ പ്രതിഷേധിച്ച് സ്ഥിരം സമിതി അദ്ധ്യക്ഷൻ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരം നടത്തി. എൽ.ഡി.എഫ് ഭരണം നടത്തുന്ന അഞ്ചൽ ഗ്രാമ പഞ്ചായത്തോഫീസിന് മുന്നിൽ സി.പി.എമ്മിന്റെ മുതിർന്ന നേതാവും പഞ്ചായത്തിലെ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചന്ദ്രബാബുവാണ് വേറിട്ട രീതിയിൽ സമരം ചെയ്തത്.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ പഞ്ചായത്തോഫീസിന്റ ഗേറ്റ് അടച്ച ശേഷം പതിനൊന്ന് മണിയായെന്ന് സൂചിപ്പിക്കുന്ന ക്ലോക്കും ഉയർത്തിപ്പിടിച്ചാണ് ചന്ദ്രബാബു പ്രതിഷേധ സമരം നടത്തിയത്. ഓഫീസിൽ സെക്രട്ടറിയുൾപ്പെടെയുള്ള ജീവനക്കാർ എല്ലാ ദിവസവും താമസിച്ചാണെത്തുന്നതെന്നും അഞ്ച് മണിക്ക് മുന്നേ ഓഫീസിൽ നിന്ന് പോകാറുണ്ടെന്നും അതിൽ പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടെന്നും ചന്ദ്രബാബു ഫറഞ്ഞു. പലതവണ ജീവനക്കാർക്ക് താക്കീത് നൽകിയിരുന്നു. അതുകൊണ്ട് പ്രയോജനമില്ലാതായതിനാലാണ് ഇത്തരത്തിലൊരു സമരം നടത്തേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തങ്ങളിൽ പലരും ഇന്നലെ അവധിയായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്.