കാർഷിക മേളയ്ക്കൊരുങ്ങി മാലോം

Thursday 05 January 2023 12:06 AM IST

വെള്ളരിക്കുണ്ട്: മലയോര ജനതയ്ക്ക് കാർഷികമേഖലയിലെ പുത്തനറിവുകൾ പകർന്നു നൽകാനുതകുന്ന കാർഷിക മേള തളിര് 2023, ഏഴ് മുതൽ 15 വരെ മാലോം മഹാത്മാഗാന്ധി നഗറിൽ നടക്കും. 7ന് വൈകുന്നേരം 6ന് ആയിരങ്ങൾ അണിനിരക്കുന്ന ഘോഷയാത്ര നടക്കും.

ഇന്ത്യാഗേറ്റ് മാതൃകയിലാണ് പ്രവേശനകവാടം ഒരുക്കിയിരിക്കുന്നത്. കാർഷിക ഉത്പന്നങ്ങളുടെയും നടീൽ വസ്തുക്കളുടെയും നൂതന കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം, കരകൗശല - വ്യാവസായിക ഉത്പന്നങ്ങൾ, കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകൾ, മറ്റ് ഇൻഫർമേഷൻ - വിൽപനസ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. അക്വാ- പെറ്റ് ഷോ, സിക്സ്റ്റീൻ ഡി ഷോ, ഗോസ്റ്റ് ഹൗസ്- ഷോ, സംസാരിക്കുന്ന അമേരിക്കൻ പാവ, തുടങ്ങിയ ഷോകളും അമ്യൂസ്‌മെന്റ് ഇനങ്ങളായ മരണക്കിണർ, ജൈന്റ് വീൽ, കൊളംബസ്, ട്രാഗൺ, ബ്രെയ്ക്ക്ഡാൻസ്, ബോൻസി, സ്കോർപിയോ, ചിൽഡ്രൻസ് ട്രെയ്ൻ, ജംബപർ തുടങ്ങിയവയുമുണ്ട്. എല്ലാദിവസവും വൈകുന്നേരം പ്രഗത്ഭരായ കലാകാരന്മാരെ അണിനിരത്തി കലാസന്ധ്യയുമുണ്ടാകും.

വാർത്താസമ്മേളനത്തിൽ ചെയർമാൻ രാജു കട്ടക്കയം, ജനറൽ കൺവീനർ ആൻഡ്രൂസ് വട്ടക്കുന്നേൽ, ഷോബി ജോസഫ്, ബിനു കുഴിപ്പള്ളിൽ, ജോബി കാര്യാവിൽ എന്നിവർ സംബന്ധിച്ചു.