തിരക്കിൽ തിളങ്ങി സാമ്പ്രാണിക്കോടി

Thursday 05 January 2023 12:24 AM IST

 10 ദിവസത്തിൽ 5000 സന്ദർശകർ

കൊല്ലം: നീണ്ട നാൾ അടഞ്ഞു കിടന്ന സാമ്പ്രാണിക്കോടി തുറന്നതോടെ സഞ്ചാരികളുടെ തിരക്കേറി. സന്ദർശനം അനുവദിച്ച 23ന് ശേഷം കഴിഞ്ഞ 10 ദിവസത്തിനിടെ 5000 ത്തിലേറെ പേരാണ് സാമ്പ്രാണിക്കോടി സന്ദർശിച്ചത്. പുതുവത്സര ദിനങ്ങളിൽ സന്ദർശകരുടെ നല്ല തിരക്കായിരുന്നു. സന്ദർശനത്തിന് ഓൺ ലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് കാരണം വേണ്ടെന്നുവയ്കുകയായിരുന്നു. അടുത്ത ആഴ്ച മുതൽ ഓൺലൈൻ ബുക്കിംഗിലൂടെയാവും പ്രവേശനം. സാമ്പ്രാണിക്കോടിയിൽ എത്തുന്ന സന്ദർശകർ ഡി.ടി.പി.സി യുടെ കൗണ്ടറിൽ നിന്ന് 150 രൂപയുടെ പാസ് വാങ്ങണം. ഡി. ടി.പി.സി പെർമിറ്റ് നൽകിയിട്ടുളള ബോട്ടുകളിൽ സന്ദർശകർക്ക് കായലിലേക്ക് സഞ്ചരിക്കാം.

ഒരു ബോട്ടിൽ 6 മുതൽ 8 വരെ യാത്രക്കാർക്ക് കയറാം. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാണ്. ഒരു മണിക്കൂർ മാത്രമേ കായലിൽ ചെലവഴിക്കാൻ സന്ദർശകർക്ക് അനുവാദമുള്ളൂ. രാവിലെ 9മുതൽ വൈകുന്നേരം 4 വരെ മാത്രമാണ് പാസ് ലഭിക്കുക. 5 മണിയോടെ സന്ദർശകർ പുറത്തു പോകണമെന്നും നിർദ്ദേശമുണ്ട്.

18 ബോട്ടുകൾക്ക് അനുമതി

യാത്രക്കാരെ കൊണ്ടു പോകാൻ 18 ബോട്ടുകൾക്കാണ് അനുമതിയുളളത്. 53 ബോട്ടുകൾ അനുമതിക്കായി അപേക്ഷ നൽകിയിരുന്നു. രജിസ്ട്രേഷൻ, ലൈസൻസ്, ഇൻഷ്വറൻസ്, സർവേ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ ടെക്നിക്കൽ കമ്മിറ്റിയാണ് ബോട്ടുകൾക്ക് അനുമതി നൽകുന്നത്.

വരുമാനം കൂടി, മാലിന്യം കുറഞ്ഞു

പുതിയ സംവിധാനം നിലവിൽ വന്നതോടെ ടൂറിസം കേന്ദ്രത്തിലെ അമിതമായ തിരക്കും അപകടങ്ങളും ഒഴിവാക്കാൻ കഴിഞ്ഞതായി ഡി.ടി.പി.സി അധികൃതർ പറഞ്ഞു. ബോട്ടുകൾക്ക് മികച്ച വരുമാനമുണ്ട്. യാത്രക്കാർക്ക് നല്ല സുരക്ഷയും ലഭിക്കുന്നു. ഡി.ടി.പി.സി ക്കും വരുമാനം ലഭിക്കുന്നു. കച്ചവടങ്ങൾ ഇല്ലാതായതോടെ കായലിലെ മാലിന്യത്തിനും പരിഹാരമായെന്ന് അവർ പറയുന്നു.