ഒന്നാം ക്ലാസ് പുസ്‌തകത്തിലും 'അക്ഷരമാല'

Thursday 05 January 2023 12:30 AM IST

തിരുവനന്തപുരം: ഒന്നാം ക്ലാസിലെ പാഠപുസ്‌തകത്തിലും മലയാളം അക്ഷരമാല മടങ്ങിയെത്തി.ക്രിസ്‌മസ് അവധിക്കു ശേഷം സ്‌കൂൾ തുറന്നപ്പോൾ ലഭിച്ച മലയാളം മൂന്നാം വാല്യം പുസ്തകത്തിന്റെ അവസാന പേജിലാണ് അക്ഷരമാല. സർക്കാർ ഭാഷാ പരിഷ്‌കരണ സമിതി നിർദേശിച്ച അക്ഷരമാലയാണിത്. രണ്ടാം ക്ലാസിലെ മലയാളം പുസ്തകത്തിന്റെ രണ്ടാം വാല്യത്തിൽ തന്നെ അക്ഷരമാല ഉൾപ്പെടുത്തിയിരുന്നു.

2013ൽ പാഠ്യപദ്ധതിയും പാഠപുസ്തകവും പരിഷ്‌കരിച്ചപ്പോഴാണ് അക്ഷരമാല പുറത്തായത്. പുസ്തകങ്ങളിൽ അക്ഷരമാല മടക്കിക്കൊണ്ടു വരണമെന്ന് എഴുത്തുകാരും ഭാഷാവിദഗ്ദ്ധരുമടക്കം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.തുടർന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശത്തിലാണ് നിലവിലുള്ള പുസ്തകത്തിൽ തന്നെ പ്രത്യേക പേജായി അക്ഷരമാല ചേർത്തത്. അടുത്ത അദ്ധ്യയന വർഷം മുതൽ 1,2 ക്ലാസുകളിലെ മലയാളം പാഠപുസ്തകത്തിന്റെ ആദ്യ വാല്യത്തിൽ തന്നെ അക്ഷരമാല ഉണ്ടാവും.