ആനക്കോട്ടൂരിൽ പൊടി ശല്യം രൂക്ഷം

Thursday 05 January 2023 12:35 AM IST

കൊട്ടാരക്കര: ആനക്കോട്ടൂരിലെ ഇടറോഡുകളിൽ പൊടിയഭിഷേകം ഭയന്ന് ജനം പുറത്തിറങ്ങാൻ മടിക്കുന്നു. നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ ജലജീവൻ മിഷൻ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് പൈപ്പ് ഇടീൽ നടക്കുന്ന പ്രദേശങ്ങളിലാണ് പൊടിശല്യം അസഹനീയമായി മാറിയത്. ആനക്കോട്ടൂർ സ്കൂൾ ജംഗ്ഷൻ, പുരയ്ക്കോട് , ആനയം, മുണ്ടുപാറ, ആലുവിള ജംഗ്ഷൻ, ചിറയിൽ ഭാഗം എന്നിവിടങ്ങളിലാണ് ജനം പൊടിമൂലം ബുദ്ധിമുട്ടുന്നത്. പൈപ്പുകൾ സ്ഥാപിച്ച ശേഷം കുഴികൾ പൂർണമായും

മൂടാത്തതും കോൺക്രീറ്റ് പുന:സ്ഥാപിക്കാത്തുമാണ് പൊടിശല്യം രൂക്ഷമാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പൈപ്പ് ലൈൻ കടന്നു പോകുന്ന ഇടറോഡുകളിലൂടെ ചെറിയ കാറ്റടിച്ചാലോ ഏതെങ്കിലും വാഹനം കടന്നു പോയാലോ പരിസരവാസികൾ തുമ്മും. പ്രത്യേകിച്ച് ആസ്തമയോ അലർജിയോ മറ്റു ശ്വാസകോശ രോഗങ്ങളോ ഉള്ളവർ വലഞ്ഞതു തന്നെ. പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പഞ്ചായത്ത് അധികൃതർ പൊടിശല്യം രൂക്ഷമായ ഭാഗങ്ങളിൽ വെള്ളം തളിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.