അരവണ:ഏലക്കയിൽ കീടനാശിനി സാന്നിദ്ധ്യമെന്ന് പരിശോധനാ ഫലം

Thursday 05 January 2023 12:43 AM IST

കൊച്ചി:ശബരിമലയിൽ അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏലക്കയിൽ കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന് തിരുവനന്തപുരം അനലിറ്റിക്കൽ ലാബിന്റെ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. ഏലക്കയുടെ ഗുണ നിലവാരം അനലിറ്റിക്കൽ ലാബിൽ പരിശോധിക്കണം എന്നാവശ്യപ്പെട്ട് മുമ്പ് ഇവിടെ ഏലക്ക സപ്ളൈ ചെയ്തിരുന്ന അയ്യപ്പ സ്പൈസസ് കമ്പനി ഉടമ എസ്. പ്രകാശ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരിശോധിക്കാൻ നിർദ്ദേശം നൽകിയത്. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിശോധനാ റിപ്പോർട്ട് ഇന്നു പരിഗണിക്കും.

ഏലക്ക ശേഖരിക്കാൻ ഓപ്പൺ ടെണ്ടർ വിളിക്കാതെ ലോക്കൽ പർച്ചേസാണ് നടത്തിയതെന്നും ഇത് അഴിമതിക്കാനാണെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഏലക്ക സംഭരിക്കാൻ ദേവസ്വം ബോർഡ് മൂന്നു തവണ ടെൻഡർ വിളിച്ചിരുന്നു. എന്നാൽ അവ്യക്തമായ കാരണങ്ങളാൽ ഇതു പിൻവലിച്ചു ലോക്കൽ പർച്ചേസ് നടത്തിയെന്ന് ഹർജിയിൽ പറയുന്നു. പമ്പയിലെ ലാബിലാണ് ഈ ഏലക്ക പരിശോധിച്ചതെന്നും കീടനാശിനിയുടെ സാന്നിദ്ധ്യം ഈ ലാബിൽ പരിശോധിക്കാനാവില്ലെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

ഒരു കിലോ ഏലത്തിന് 1558 രൂപ നിരക്കിലാണ് ലോക്കൽ പർച്ചേസ്. എന്നാൽ താൻ 1491 രൂപയാണ് ക്വോട്ട് ചെയ്തതെന്നും സമയം കഴിഞ്ഞെന്ന പേരിൽ ഇതു നിരസിച്ചെന്നും ഹർജിക്കാരൻ പറയുന്നു. ഡിസംബർ 23 നാണ് ഏലക്ക തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ സാന്നിദ്ധ്യത്തിലാണ് ഏലക്ക പരിശോധനയ്ക്കായി ശേഖരിച്ചത്. ലാബിലെ റിപ്പോർട്ട് അനുസരിച്ച് ഫിപ്രോനിൽ, ടെബ്യുകണസോൾ, ഇമിഡക്ളോപ്രിഡ് എന്നീ കീടനാശിനികളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്.