മോക്ഡ്രില്ലിനിടെ മരണം:കുടുംബത്തിന് 4 ലക്ഷം ധനസഹായം

Thursday 05 January 2023 12:47 AM IST

തിരുവനന്തപുരം: പത്തനംതിട്ട കല്ലൂപ്പാറയിൽ മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ച ബിനു സോമന്റെ അനന്തരാവകാശികൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്നാണ് പണമനുവദിക്കുക. ദുരന്ത നിവാരണ പ്രചാരണ പരിശീലനത്തിനിടെ ഡിസംബർ 29നാണ് മണിമലയാറിൽ ബിനുസോമൻ മുങ്ങിമരിച്ചത്. മണിമലയാറിൽ കോമളം പാലത്തിന് സമീപം അമ്പാട്ടുഭാഗത്താണ് മോക്ഡ്രില്ലിന് തീരുമാനിച്ചിരുന്നതെങ്കിലും അവിടെനിന്ന് നാല് കിലോമീറ്റർ മാറിയാണ് നടത്തിയത്. ബിനു സോമന്റെ അപകടമരണം വിവാദമായതിനു പിന്നാലെ ഇതുസംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് തീരുമാനിച്ചിരുന്നു. അത് നടന്നുവരികയാണ്.