ഹോട്ടലുകളുടെ ഗ്രേഡിംഗ് ഇപ്പോഴും കടലാസിൽ

Thursday 05 January 2023 12:49 AM IST

കണ്ണൂർ: ഭക്ഷ്യ വിഷബാധയും തു‌ടർന്നുള്ള ദുരന്തങ്ങളും ആവർത്തിക്കുന്ന സാഹചര്യത്തിൽ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഗ്രേഡിംഗ് ഏർപ്പെടുത്താനുള്ള തീരുമാനം ഇപ്പോഴും കടലാസിൽ. കാസർകോട് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് കഴിഞ്ഞ മേയിൽ വിദ്യാർത്ഥിനി മരിച്ചതിനെ തുടർന്നാണ് ഭക്ഷ്യവകുപ്പ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

ഭക്ഷ്യ ദുരന്തങ്ങൾ ആവർത്തിക്കുന്നതിനു കാരണം ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരവധി തവണ സർക്കാരിന് റിപ്പോർട്ടും നൽകിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, ശുചിത്വം,​ ജീവനക്കാരുടെ പെരുമാറ്റം എന്നിവയെ അടിസ്ഥാനമാക്കി എ, ബി, സി ഗ്രേഡ് നൽകാനായിരുന്നു തീരുമാനം. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ, ബേക്കറികൾ എന്നിവയാണ് ഗ്രേഡിംഗിന്റെ പരിധിയിൽ വരിക. ഗ്രേഡിംഗ് നൽകുന്നതിന്റെ മുന്നോടിയായി ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആതിഥ്യ മര്യാദ, ഭക്ഷ്യ സുരക്ഷ, ഭക്ഷ്യ നിയമങ്ങൾ എന്നിവയിൽ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രാവൽ ആൻഡ് ടൂറിസവുമായി സഹകരിച്ച് പരിശീലന ക്ളാസുകൾ നൽകാനും തീരുമാനിച്ചിരുന്നു.

എ ഗ്രേഡ് ലഭിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ ഡി.ടി.പി.സിയുടെയും ടൂറിസം വകുപ്പിന്റെയും വെബ്സൈറ്റിൽ നൽകും. ഗ്രേഡിംഗ് ലഭിച്ച സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തി അവാർഡുകൾ നൽകും. ബി, സി ഗ്രേഡ് ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് എ ഗ്രേഡ് നേടുന്നതിനാവശ്യമായ പരിശീലനവും മാർഗനിർദ്ദേശവും നൽകും എന്നൊക്കെയിയിരുന്നു പ്രഖ്യാപനങ്ങൾ.

ഹോട്ടലുകളിലെ ശുചിത്വം അളക്കാൻ മാസത്തിലൊരിക്കലെങ്കിലും സോഷ്യൽ ഓഡിറ്റ് നിർബന്ധമാക്കാനും തീരുമാനിച്ചിരുന്നു. ഹോട്ടലിലെ വൃത്തി അളക്കാൻ പറ്റിയ അഞ്ചോ ആറോ വിഷയങ്ങൾ ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കി ഓരോന്നിലും 'വളരെ നല്ലത്" തൊട്ട് 'ഏറ്റവും അതൃപ്തികരം" വരെ ഉള്ള ഗ്രേഡിംഗായിരുന്നു നിർദ്ദേശിച്ചിരുന്നത്.

ഹോട്ടലുകളുടെ പ്രവർത്തനക്ഷമതയും നിലവാരവുമടക്കം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഗ്രേഡിംഗ് സംവിധാനം വിവിധ വകുപ്പുകൾ തമ്മിലുള്ള അധികാരതർക്കമാണ് കോൾഡ് സ്റ്റോറേജിലാക്കിയത്. ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴുള്ള പരിശോധനയും അടച്ചുപൂട്ടലുമൊക്കെ ഒഴിവാക്കാൻ ഗ്രേഡിംഗ് സംവിധാനം സഹായിക്കും എന്നാണ് ഭക്ഷ്യവകുപ്പ് കരുതുന്നത്.

സ്ഥാപനങ്ങൾ ആറര ലക്ഷം, ലൈസൻസ് ഉള്ളത് അരലക്ഷം

ഹോട്ടലുകളും തട്ടുകടകളും ബേക്കറികളുമുൾപ്പടെ സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത് ആറര ലക്ഷം സ്ഥാപനങ്ങളാണ്. ഇതിൽ ഭക്ഷ്യസുരക്ഷ ലൈസൻസ് അരലക്ഷത്തിൽ താഴെ എണ്ണത്തിനു മാത്രമാണ്. ആറര ലക്ഷം സ്ഥാപനങ്ങൾ പരിശോധിക്കാൻ ഫീൽഡിൽ 140 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മാത്രമാണുള്ളത്.

ജനകീയ ഹോട്ടലുകൾ 266

സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിയ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സൂഷ്മ സംരക്ഷണമാതൃകയിൽ പ്രവർത്തിച്ചു വരുന്ന 1095 ജനകീയ ഹോട്ടലുകളുടെ ഗ്രേഡിംഗ് കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ഇതിൽ 266 ജനകീയ ഹോട്ടലുകൾ എ ഗ്രേഡിന് അർഹമായി.

ഹോട്ടലുകൾക്ക് ഗ്രേഡിംഗ് നടപ്പാക്കുന്നതുമായി മുന്നോട്ടുപോകുകയാണ് സർക്കാർ. നിയമവകുപ്പിന്റെ പരിഗണനയിലുള്ള കാര്യത്തിൽ ഉടൻ തീർപ്പുണ്ടാകും.

ജി.ആർ. അനിൽ, ഭക്ഷ്യ മന്ത്രി

Advertisement
Advertisement