കുട്ടിക്കഥയെഴുത്തുകാർ പറയുന്നു, സ്പാർക്ക് വരട്ടെ

Thursday 05 January 2023 1:07 AM IST

കോഴിക്കോട്: ഹയർ സെക്കൻഡറി വിഭാഗം കഥാരചനാ മത്സരം കഴിഞ്ഞതോടെ പുതിയ കാലത്തിന്റെ കഥയെഴുത്തുകാർ

നേരെ പോയത് നടക്കാട് ജി.ജി.വി.എച്ച്.എസ്.എസ് മൈതാനത്തിലെ മരത്തണലിൽ. മത്സര വിഷയത്തെപ്പറ്റിയായി ചർച്ച. 'അവൻ അവൾ അവരവർ ആരായിരുന്നു?' എന്നതായിരുന്നു വിഷയം. ഒന്നിരുത്തി ചിന്തിപ്പിച്ച വിഷയമായിരുന്നെന്ന് മത്സരിച്ച ഏക കഥാകാരൻ ആദിത്യൻ.

പിന്നെ ചർച്ച ഇഷ്ട കഥാകാരന്മാരെ കുറിച്ചായി മാധവിക്കുട്ടി, ടി.പദ്മനാഭൻ, എം.മുകുന്ദൻ, ബെന്യാമിൻ, സന്തോഷ് എച്ചിക്കാൻ എന്നീ മലയാളം എഴുത്തുകാർ മാത്രമല്ല ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റ് ചേതൻ ഭഗതും കടന്നു വന്നു.

കോട്ടയം ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർത്ഥിയാണ് ആദിത്യൻ. മാധവികുട്ടിയുടേയും ബെന്യാമിന്റേയും കഥകളോടാണ് പ്രിയമെങ്കിലും ഈയിടെ ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു വായിച്ചതോടെ എം.മുകുന്ദന്റെ ഫാനായി.

''കഞ്ചാവിനും മറ്റു ലഹരി പദാർത്ഥങ്ങൾളുടെയും കുത്തൊഴുക്കിൽപ്പെട്ട് മോക്ഷത്തിനായി ഹരിദ്വാറിൽ എത്തിയ രമേശ് ഇപ്പോഴത്തെ കാലത്തും പ്രസക്തനായ നായകനാണ്'' ആദിത്യൻ പറയുന്നു.

ബത്തേരി സർവജനാ സ്കൂളിലെ അൽനാ എലിസബത്ത് ചേതൻ ഭഗതിന്റെ ഫാനാണ്. അദ്ദേഹത്തിന്റെ ദി ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫിനോട് പ്രത്യേക ഇഷ്ടമുണ്ട്. പത്തനംതിട്ട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ജന സന്തോഷിന് ഇഷ്ടം സന്തോഷ് ഏച്ചിക്കാനത്തിന്റെ വിവാദ ചെറുകഥ ബിരിയാണി. മാനുഷ്യകത,​ വിശപ്പ് എന്നിവയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ബിരിയാണി എന്ന് അഞ്ജന പറഞ്ഞപ്പോൾ മാധവികുട്ടിയോളം തന്നെ സ്വാധീനിച്ച എഴുത്തുകാരിയിയില്ലെന്ന് തിരുവനന്തപുരം വെള്ളനാട് ഹയർ സെക്കൻഡറി സ്കൂളിലെ കൃഷ്ണവേണി പറ‌ഞ്ഞു. മനസ് നീർമാതളത്തണലിൽ നിന്ന് പറിച്ചുനടാനായിട്ടില്ലെന്ന കൃഷ്ണവേണിയുടെ അഭിപ്രായത്തോടെ് മറ്റുള്ളവരും യോജിച്ചു.

കായംകുളം ബോയ്സ് എച്ച്.എസ്.എസിലെ സാനിഹയെ സ്വാധീച്ച കഥ ടി.പദ്മനാഭന്റെ പ്രകാശംപരത്തുന്ന പെൺകുട്ടിയാണ്. മരണത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന ഒരു മനുഷ്യന്റെ കഥ മാത്രമല്ല,​ ആ പെൺകുട്ടിയുടേതു കൂടിയാണ് എന്ന് സാനിഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളും സാനിഹയ്ക്ക് ഇഷ്ടമാണ്.

ഓൺലൈൻ വായനയുണ്ടെങ്കിലും എല്ലാവരും പുസ്കകത്തിലൂടെ കഥകളെ മനസിലാക്കുന്നത്. ഇനിയും കഥ എഴുത്ത് തുടരുമോ?​ എന്ന് ചോദിച്ചപ്പോൾ വായന എപ്പോഴും ഉണ്ടാകും. സ്പാർക്ക് വരട്ടെ എഴുതാമെന്ന കമന്റ് ആദിത്യൻ പൊട്ടിച്ചതോടെ ചിരിയായി.