മിമിക്സ് ഭവനിലെ പിള്ളേർ ചിരിപ്പിച്ച് കൊന്നു!

Thursday 05 January 2023 1:17 AM IST

കോഴിക്കോട്: വീട്ടിലെല്ലാവരും മിമിക്രിക്കാർ. വീടിന്റെ പേര് മിമിക്സ് ഭവൻ! കുടുംബത്തിലെ ഇളം തലമുറക്കാരൻ മഹേശ്വറും സുമയും പാരമ്പര്യം കാത്തു. മിമിക്രിയിൽ ആലപ്പുഴയുടെ അഭിമാന സഹാദരങ്ങളായ മധു പുന്നപ്രയുടെയും മനോജ് പുന്നപ്രയുടേയും മക്കളാണ് ഇരുവരും.

മധുവിന്റെ മകൻ മഹേശ്വർ ഹൈസ്കൂൾ വിഭാഗത്തിലും അനുജൻ മനോജ് പുന്നപ്രയുടെ മകൾ മഹിമ ഹയർ സെക്കൻഡറി വിഭാഗത്തിലും എ ഗ്രേഡും നേടി. ഇന്നലെ ക്ളീഷേ പക്ഷിമൃഗാദികളും, വെടിക്കെട്ടും, ബീറ്റുകളും കണ്ടും കേട്ടും ബോറടിച്ച് ഉറക്കത്തിലേയ്ക്ക് ആണ്ട കാണികൾക്ക് മുന്നിൽ നരബലിയുമായി മഹേശ്വർ എത്തിയതോടെ പരിസരം ഉഷാറായി. നരബലി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്. അച്ചുതാനന്ദൻ, രമേശ് പിഷാരടി, അജു വർഗീസ്, ആസിഫ് അലി, സന്തോഷ് ജോർജ് കുളങ്ങര, ക്യാപ്ടൻ രാജു, നഞ്ചമ്മ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ സദസ് കുലുങ്ങിച്ചിരിച്ചു.

''പൊളിച്ചു മോനേ.... "" വേദിയിൽ നിന്ന് കമന്റുകൾ മുഴങ്ങി. കലോത്സവ ഉദ്ഘാടന വേദിയെയാണ് മഹിമ അനുകരിച്ചത്. വി.എസ്.അച്യുതാനന്ദൻ, ഉമ്മൻചാണ്ടിയും നടി മംമ്ത, നടൻ വിനായകൻ, നഞ്ചമ്മ എന്നിവരെയെല്ലാം ഈസിയായ മഹിമ അനുകരിച്ചു. പുന്നപ്ര അറവുകാട് ഹയർ സെക്കൻ‌ഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. മധു പുന്നപ്ര, മനോജ് പുന്നപ്ര എന്നിവർക്കൊപ്പം ഇവരും വേദികളിൽ മിമിക്രി അവതരിപ്പിക്കാറുണ്ട്. മഹേശ്വറിന്റെ സഹോദരൻ മഹാദേവനും മിമിക്രി താരമാണ്. മായയാണ് മഹേശ്വറിന്റെ അമ്മ. മഹിതയുടെ അമ്മ സുമയും.