ഷൊർണൂർ നഗരസഭാ കെട്ടിടത്തിന് 50 ലക്ഷം അനുവദിച്ചു

Friday 06 January 2023 12:05 AM IST

ഷൊർണൂർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നഗരസഭാ ഓഫീസ് കെട്ടിടനിർമ്മാണത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നു. ഇതിന് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം അനുവദിച്ചു. ഒന്നാംഘട്ടത്തിൽ താഴത്തെ നിലയുടെ പ്രവൃത്തി പൂർത്തീകരിച്ചിരുന്നു. നാലുനില കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി. താഴത്തെ നിലയിൽ റവന്യൂ, എൻജിനീയറിംഗ് വിഭാഗങ്ങളുൾപ്പടെ പ്രവർത്തനം ആരംഭിച്ചു. നിലവിൽ പഴയ കെട്ടിടത്തിലും പുതിയതിലുമായാണ് ഓഫീസ് പ്രവർത്തനം. ഏഴുവർഷം മുമ്പ് നഗരസഭാ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം കത്തിനശിച്ചിരുന്നു. രണ്ടാംഘട്ട പ്രവൃത്തി പൂർത്തിയാക്കുന്നതോടെ സ്ഥലപരിമിതി പ്രശ്നത്തിന് താത്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭാദ്ധ്യക്ഷൻ എം.കെ.ജയപ്രകാശ് പറഞ്ഞു.

പഴയ കെട്ടിടത്തിലാണ് കൗൺസിൽ ഹാളുൾപ്പെടെ പ്രവർത്തിക്കുന്നത്. നഗരസഭാദ്ധ്യക്ഷനും സ്ഥിരംസമിതി അദ്ധ്യക്ഷർക്കും കൗൺസിലർമാർക്കും ഇരിക്കാനുള്ള സൗകര്യം പോലുമില്ല. നഗരസഭാദ്ധ്യക്ഷന്റെ ചേംബർ പോലും താത്കാലിക സംവിധാനത്തിലാണ്. രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാകുന്നതോടെ ഓഫീസ് സംവിധാനം കാര്യക്ഷമമാകും.