തിക്കിത്തിരക്കി ട്രെയിൻ യാത്ര; വൈകിയോട്ടം പതിവാകുന്നു
- റിസർവേഷനുണ്ടെങ്കിലും നിന്ന് യാത്ര ചെയ്യണം
പാലക്കാട്: ഉത്സവ സീസണോടനുബന്ധിച്ച് തിരക്ക് വർദ്ധിച്ചതിനൊപ്പം ട്രെയിനുകളുടെ വൈകിയോട്ടവും പതിവായതോടെ യാത്രക്കാർ വലയുന്നു. ദീർഘദൂര ട്രെയിനുകളിൽ ഉൾപ്പെടെ ജനറൽ കോച്ചുകളുടെ കുറവും കൊവിഡിന് മുമ്പ് സർവീസ് നടത്തിയിരുന്ന വീക്കിലി- പാസഞ്ചറുകൾ ഇനിയും പുനഃസ്ഥാപിക്കാത്തതുമാണ് തിരക്ക് വർദ്ധിക്കാൻ കാരണം.
സാധാരണ സർവീസ് നടത്തുന്ന ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ പോലും യാത്രക്കാർക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമാണ്. റിസർവേഷൻ നടത്തിയിട്ടും സീറ്റ് ലഭിക്കാതെ യാത്രക്കാർ മണിക്കൂറോളം നിന്ന് യാത്ര ചെയ്യേണ്ടി വന്നെന്ന പരാതിയും വ്യാപകമാണ്.
തിരക്ക് പരിഗണിച്ച് അനുവദിച്ച സ്പെഷ്യൽ ട്രെയിനുകളിൽ ഫ്ലക്സി നിരക്ക് അടക്കം വലിയ തുകയാണ് ഈടാക്കുന്നത്. ഇത്തരം ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവായതിനാൽ എല്ലാ യാത്രക്കാർക്കും ഉപയോഗപ്പെടുത്താനും കഴിയില്ല. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ വലിയ വിഭാഗം ദിവസേന ട്രെയിനിനെ ആശ്രയിക്കുന്നുണ്ട്. ഇവരുടെ യാത്രാ ദുരിതം ജനപ്രതിനിധികൾ കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിച്ച് പ്രശ്നപരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വൈകിയോടുന്ന കേരള
പാലക്കാട് വഴിയുള്ള മിക്ക ദീർഘദൂര ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ന്യൂഡൽഹി- തിരുവനന്തപുരം കേരള സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് പലപ്പോഴും ആറുമുതൽ പത്തുമണിക്കൂർ വരെ വൈകുന്നു. ആലപ്പുഴ- ധൻബാദ് എക്സ്‌പ്രസും മിക്ക ദിവസങ്ങളിലും വൈകും.
രാത്രി ഷൊർണൂർ യാത്ര കഠിനം
വൈകിട്ട് പാലക്കാട് നിന്ന് ഷൊർണൂരിലേക്ക് ആവശ്യത്തിന് പാസഞ്ചർ ട്രെയിനില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വൈകിട്ട് 5.55ന് പാലക്കാടെത്തുന്ന കോയമ്പത്തൂർ- ഷൊർണൂർ എക്സ്‌പ്രസ് കഴിഞ്ഞാൽ രാത്രി 10.55ന് എത്തുന്ന ചെന്നൈ- മാംഗ്ലൂർ വെസ്റ്റ് കോസ്റ്റ് സൂപ്പർ ഫാസ്റ്റ് ട്രെയിൻ മാത്രമാണുള്ളത്.
കോയമ്പത്തൂർ, കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിയും പഠനവും നടത്തുന്ന നിരവധി പേർ പ്രതിദിനം ഷൊർണൂർ ഭാഗത്ത് നിന്ന് ട്രെയിനിനെ ആശ്രയിക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലുള്ളവരിൽ പലർക്കും രാത്രി ഏഴ് കഴിയാതെ ഇറങ്ങാൻ കഴിയില്ല. ഇവർക്കായി രാത്രി 7.30ന് പാലക്കാടെത്തുന്ന കോയമ്പത്തൂർ- പാലക്കാട് ടൗൺ മെമു ഷൊർണൂരിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാണ്.