'ഫുഡ് ഓൺ വീൽസ്' നെല്ലറയിലേക്കും

Friday 06 January 2023 12:15 AM IST

പാലക്കാട്‌: വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ പഴയ കെ.എസ്.ആ‌ർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി ഫുഡ് ഓൺ വീൽസ് പദ്ധതി പാലക്കാട്ടും നടപ്പാക്കുന്നു. ബസുകളുടെ ഉൾവശം മനോഹരമായി അലങ്കരിച്ച് ആഹാര ശാലകളായി മാറ്റും. മലമ്പുഴയിലാവും പദ്ധതി ആദ്യം നടപ്പാക്കുക.

ബസിനുള്ളിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കുന്ന പ്രതീതിയാണുണ്ടാവുക. കോഴിക്കോട്‌ ജില്ലയിൽ പദ്ധതി നടത്തി വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ പാലക്കാടും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. പദ്ധതി നടത്തിപ്പ്‌ സംബന്ധിച്ച്‌ ഡി.ടി.പി.സി പ്രാരംഭ ചർച്ച പൂർത്തിയാക്കി രൂപരേഖ തയ്യാറാക്കി സർക്കാരിന്‌ സമർപ്പിച്ചു. നിലവിൽ പാലക്കാട്‌ കെ.എസ്‌.ആർ.ടി.സി ഡിപ്പോയിൽ പഴയ ബസിൽ മിൽമയുടെ വിൽപ്പന കേന്ദ്രം വിജയകരമായി പ്രവർത്തിക്കുന്നുണ്ട്‌.

ഹെലികോപ്ടർ ടൂറിസത്തിനുള്ള സാദ്ധ്യതകളും പരിശോധിച്ചു വരികയാണെന്ന്‌ ഡി.ടി.പി.സി സെക്രട്ടറി ഡോ.എസ്‌.വി.സിൽബർട്ട്‌ ജോസ്‌ പറഞ്ഞു. മലമ്പുഴ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മറ്റ്‌ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പദ്ധതിയാണ്‌ വിഭാവനം ചെയ്യുന്നത്‌. രണ്ടു വർഷത്തിനകം നടപ്പാക്കുകയാണ്‌ ലക്ഷ്യം.