ധനലക്ഷ്മി ബാങ്ക് റീട്ടെയിൽ ഡിജിറ്റൽ സേവനങ്ങൾ പുത്തൻ രൂപത്തിൽ
തൃശൂർ: ഇടപാടുകാർക്ക് കൂടുതൽ സുരക്ഷിതവും ലളിതവും നൂതനവുമായ സൗകര്യങ്ങളുമായി ധനലക്ഷ്‌മി ബാങ്കിന്റെ റീട്ടെയിൽ ഡിജിറ്റൽ സേവനങ്ങൾ പുതിയ രൂപത്തിൽ. പുതുക്കിയ റീട്ടെയിൽ ഇന്റർനെറ്റ് ബാങ്കിംഗ് പ്ളാറ്റ്‌ഫോം 'ധൻ ഡിലൈറ്റ്", മൊബൈൽ ബാങ്കിംഗ് പ്ളാറ്റ്‌ഫോം 'ധൻസ്മാർട്" എന്നിവ ബാങ്ക് പുറത്തിറക്കി.
നൂതന സാങ്കേതികവിദ്യയായ 'ഒമ്‌നി ചാനൽ" പ്ലാറ്റ്‌ഫോമിൽ വിവിധ ബാങ്കിംഗ് സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതാണ് പുതിയ സൗകര്യം. ഈ സേവനം ബാങ്കിന്റെ ഡിജിറ്റൽ സേവനമേഖലയിലെ പുതിയ നാഴികക്കല്ലാകുമെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ജെ.കെ.ശിവൻ പറഞ്ഞു.
മൊബൈൽ ബാറ്ററി ചാർജുപയോഗം കുറയ്ക്കാനുള്ള ക്രമീകരണം ഉൾപ്പെടെ നിരവധി ഉപഭോക്തൃസൗഹൃദ സൗകര്യങ്ങളുള്ളതാണ് പുതുക്കിയ ധൻ സ്മാർട്. ബയോ മെട്രിക് ഓതന്റിക്കേഷൻ, സോഫ്റ്റ് ടോക്കൺ ഓതന്റിക്കേഷൻ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സാമൂഹ്യ സുരക്ഷാപദ്ധതികളിൽ ചേരാനുള്ള സൗകര്യം, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളുടെ പരിധി പുനഃക്രമീകരണം തുടങ്ങിയ സൗകര്യങ്ങളും മികവാണ്.